സഹായം അഭ്യർത്ഥിച്ചെത്തിയ 22കാരനെ തിരിഞ്ഞുനോക്കാതെ പൊലീസ്; രക്തംവാർന്ന് യുവാവിന് ദാരുണാന്ത്യം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇരുപത്തിരണ്ടുകാരൻ പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നിൽ ചോര വാർന്നു മരിച്ചു. പോലീസിന്റെ ക്രൂരമായ അനാസ്ഥയെത്തുടർന്ന് സഹായം തേടിയെത്തിയ യുവാവാണ് മരണപ്പെട്ടത്. ബിഹാർ സിവാൻ സ്വദേശിയായ രാജ്കുമാർ ആണ് ക്രൂരതയ്ക്ക് ഇരയായത്.
40 മിനിറ്റോളം യുവാവ് ചോരയിൽ കുളിച്ച് റോഡിൽ കിടന്നിട്ടും, പൊലീസ് ഔട്ട്‌പോസ്റ്റിന് ഉള്ളിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരോ നാട്ടുകാരോ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഓട്ടോറിക്ഷാ ഡ്രൈവറുമായി യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. യാത്രക്കാരകനിൽ നിന്ന് മർദനമേറ്റതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ചാണ് രാജ്കുമാർ, സഞ്ജയ് നഗറിലെ വനിതാ പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നിലെത്തിയത്. എന്നാൽ ഉള്ളിലുണ്ടായിരുന്ന പൊലീസുകാർ വാതിൽ തുറക്കാനോ പരാതി കേൾക്കാനോ തയ്യാറായില്ല.
തുടർന്ന് നിരാശയിലും രോഷത്തിലും രാജ്കുമാർ ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലിൽ ശക്തമായി ഇടിക്കുകയായിരുന്നു. കൈപ്പത്തിയിൽ ഗ്ലാസ് തുളച്ചുകയറി പ്രധാന ഞരമ്പ് മുറിഞ്ഞ് രാജ്കുമാറിന് കടുത്ത രക്തസ്രാവമുണ്ടായി. യുവാവ് ചോര വാർന്ന് റോഡിലേക്ക് വീണിട്ടും ഔട്ട്‌പോസ്റ്റിന്റെ ഉള്ളിലിരുന്ന പൊലീസുകാർ പുറത്തിറങ്ങി പ്രഥമശുശ്രൂഷ നൽകാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിച്ചല്ല.
പിന്നീട് മറ്റൊരു പൊലീസ് സംഘം എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗാസിയാബാദ് ഡിസിപി ധവൾ ജയ്‌സ്വാൾ അറിയിച്ചു. മരിച്ച രാജ്കുമാറിന്റെ ഭാര്യ എട്ടുമാസം ഗർഭിണിയാണ്.











0 comments