ഇനി സതീശനെ കാണാൻ തനിക്ക് യാതൊരു താല്പര്യവുമില്ല
'സതീശൻ പറയുന്നത് പച്ചക്കള്ളം; പിണറായി ആയിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു': ജി സുകുമാരൻ നായർ

ജി സുകുമാരൻ നായർ , വി ഡി സതീശൻ
പെരുന്ന: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. വ്യക്തിയെന്ന നിലയിൽ ഇനി, വി ഡി സതീശനെ കാണാൻ തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.
"ആദ്യത്തെ പ്രാവശ്യം പറഞ്ഞത് എറണാകുളത്ത് വന്നാൽ കാണാം എന്നാണ്. എന്നാൽ എറണാകുളത്ത് ചെന്ന് കാണേണ്ടതല്ല മുഖ്യമന്ത്രിയെ എന്ന് ഞാൻ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാമെന്ന് പ്രൈവറ്റ് സെക്രട്ടറി പറഞ്ഞെങ്കിലും, അതിനുശേഷം മുഖ്യമന്ത്രിയോ പ്രൈവറ്റ് സെക്രട്ടറിയോ തന്നെ ബന്ധപ്പെട്ടിട്ടില്ല. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറയുന്നത്. മുൻപുള്ള മുഖ്യമന്ത്രിമാരാരും ജനങ്ങളോടും സമുദായ നേതാക്കളോടും ഇത്തരത്തിൽ തരംതാണ രീതിയിൽ പെരുമാറിയിട്ടില്ല- ജി സുകുമാരൻ നായർ വ്യക്തമാക്കി "
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മികച്ച രീതിയിലുള്ള ബന്ധമാണ് കാത്തുസൂക്ഷിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാൽ അദ്ദേഹം ഫ്രീ ആണെങ്കിൽ ഉടൻ തന്നെ ഫോൺ എടുക്കുമായിരുന്നു. ഇനി മറ്റെന്തെങ്കിലും ഔദ്യോഗിക തിരക്കുകളിലാണെങ്കിൽ ഉടൻ തന്നെ സന്ദേശം അയക്കുകയും, തൊട്ടുപിന്നാലെ തന്നെ തിരിച്ചുവിളിക്കുകയും ചെയ്യുമായിരുന്നു. അതാണ് തങ്ങളുടെ അനുഭവമെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.










0 comments