സിബിഎസ്ഇ ഓൺ-സ്‌ക്രീൻ മാർക്കിങ്: ആശങ്ക അറിയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയായ ഓൺ-സ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിനെതിരെ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. വിദ്യാർഥികൾക്കിടയിലുള്ള നിരാശ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും സിബിഎസ്ഇയുടെയും പ്രതികരണം തേടിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിൽ വ്യവസ്ഥാപിതമായ പല പ്രശ്നങ്ങളും കടന്നുകൂടിയിട്ടുണ്ടെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു. വ്യക്തിഗത മാർക്ക് ഷീറ്റുകളിലെ അപാകതകൾ മിക്കവാറും പരിഹരിച്ചതായും, നിലവിൽ ഉയർന്നുവന്നിരിക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
മൂല്യനിർണ്ണയ രീതികൾ അവലോകനം ചെയ്യാനും പരിഷ്കാരങ്ങൾ ശുപാർശ ചെയ്യാനും മുൻ ഐഎഎസ് ഉദ്യോഗസ്ഥയായ എസ് രാധാ ചൗഹാന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി ഒഎസ്എം രീതി നടപ്പിലാക്കുമ്പോൾ കൃത്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും, മേൽനോട്ടത്തിനായി ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 75 ശതമാനം മാർക്ക് എന്ന മാനദണ്ഡത്തിൽ ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. 2026-ലെ സിബിഎസ്ഇ പരീക്ഷകളിലാണ് ഒഎസ്എം രീതി വ്യാപകമായി നടപ്പിലാക്കിയത്. എന്നാൽ, അവ്യക്തമായ സ്‌കാനിങ്, കാണാതായ പേജുകൾ, മാർക്കുകളിലെ വലിയ കുറവ് തുടങ്ങിയ പരാതികൾ ഉയർന്നിരുന്നു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.










0 comments