ad
Deshabhimani

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുരൂഹത ബാക്കി; അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Dreamliner crash
വെബ് ഡെസ്ക്

Published on Jul 15, 2026, 03:02 PM | 2 min read

ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജികളെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമപരമായ ചട്ടക്കൂടുകളും പാലിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അതിനാൽ കോടതി മേൽനോട്ടത്തിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കഴിഞ്ഞ വർഷം ജൂണിലാണ് ലോകത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകട കാരണവും മറ്റും ഇപ്പോഴും ഊഹാപോഹങ്ങളായി തുടരുന്നു.


അന്വേഷണം ആറാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു. അപകടത്തിന്റെ 'കരട് അന്തിമ റിപ്പോർട്ട്' ഒക്ടോബറോടെ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ജൂലൈ 17-ന് കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രാലയവും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കോക്ക്പിറ്റ് റെക്കോർഡിംഗുകൾ പുറത്തുവിടാനാകില്ല


അപകടത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകളും പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അന്വേഷണത്തെ ബാധിച്ചതായി എഎഐബി കോടതിയെ അറിയിച്ചു. ഇത്തരം പ്രവണതകൾ കാരണം ചില സാക്ഷികൾ വിവരങ്ങൾ നൽകാൻ മടി കാണിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.


കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ വിവരങ്ങൾ പുറത്തുവിടണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ ബ്യൂറോ എതിർത്തു. 2025-ലെ എയർക്രാഫ്റ്റ് റൂൾസ് (Rule 17(5)) പ്രകാരം കോക്ക്പിറ്റ് ശബ്ദരേഖകളും ദൃശ്യങ്ങളും പരസ്യപ്പെടുത്തുന്നത് നിയമപരമായി പൂർണ്ണമായും വിലക്കിയതായാണ് വാദം. ഇത്തരം വിവരങ്ങൾ പരസ്യമാക്കുമെന്ന് അറിഞ്ഞാൽ ജീവനക്കാർ ഭാവിയിൽ അന്വേഷണങ്ങളോട് സഹകരിക്കാൻ മടിക്കുമെന്നും അത് വ്യോമയാന സുരക്ഷയെ ബാധിക്കുമെന്നും അവകാശപ്പെട്ടു.


2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്നും പറന്നുയർന്ന ഉടൻ എയർ ഇന്ത്യയുടെ AI171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടു. കൂടാതെ തകർന്നു വീണ സ്ഥലത്തുണ്ടായിരുന്ന 19 പേര്‍ക്കും ജീവൻ നഷ്ടമായി.


പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന രീതിയിലുള്ള പ്രാഥമിക റിപ്പോർട്ടിലെ സൂചനകൾക്കെതിരെ അപകടത്തിൽപ്പെട്ട പൈലറ്റുമാരിൽ ഒരാളായ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവും, 'സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ' എന്ന എൻജിഒയും നൽകിയ ഹർജികളിലാണ് ഇപ്പോൾ കോടതി നടപടികൾ പുരോഗമിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ അന്വേഷണം കേവലം ഒരു 'കുറ്റപ്പെടുത്തൽ കളി' ആയി മാറരുതെന്ന് നിരീക്ഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home