ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിന് അവസാനം; സൈന്യം സെപ്റ്റംബറോടെ പിന്മാറും

ഡോണാൾഡ് ട്രംപ് ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിക്കൊപ്പം | (Photo by SAUL LOEB / AFP)
ബാഗ്ദാദ് : ഇറാഖിന്റെ മണ്ണിൽ രണ്ട് പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വ സൈനിക അധിനിവേശത്തിന് ഒടുവിൽ അന്ത്യമാകുന്നു. ഇറാഖിൽ നിന്ന് ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ അമേരിക്കൻ സൈന്യം പൂർണമായും പിന്മാറുമെന്ന് അമേരിക്ക. സദ്ദാം ഹുസൈനെ പുറത്താക്കാനെന്ന വ്യാജേന 2003ലാണ് അമേരിക്കൻ സൈന്യം ഇറാഖിൽ അധിനിവേശം ആരംഭിച്ചത്. പിന്നീട് ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ 23 വർഷം നീണ്ടുനിന്ന കടന്നുകയറ്റത്തിനാണ് ഇതോടെ വിരാമമാകുന്നത്.
ഇറാഖിൽ ഇനി സൈനിക സാന്നിധ്യത്തിന്റെ ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സെപ്റ്റംബർ 30ഓടെ മുഴുവൻ യുഎസ് സൈനികരും ഇറാഖ് വിടുമെന്ന് ഇറാഖ് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സൈന്യത്തെ പിൻവലിക്കുമ്പോഴും ഇറാഖിലെ എണ്ണ സമ്പത്തിന്മേലുള്ള താല്പര്യം ഉപേക്ഷിക്കാൻ അമേരിക്ക തയ്യാറായിട്ടില്ലെന്ന സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. അമേരിക്കൻ എണ്ണക്കമ്പനികളുമായി ഇറാഖിനുള്ള വർധിച്ചുവരുന്ന സാമ്പത്തിക ബന്ധം ചൂണ്ടിക്കാണിച്ചാണ് സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. 2024ൽ ജേ ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ഒപ്പുവെച്ച കരാറിന്റെ തുടർച്ചയാണിതെന്നാണ് വിശദീകരണം.
2003 മാർച്ചിലാണ് സദ്ദാം ഹുസൈനെതിരെ കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ട് അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയത്. ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്ത ഈ സാമ്രാജ്യത്വ യുദ്ധം കൊടുമ്പിരികൊണ്ടത് 2007ലാണ്യ. 1,70,000ത്തിലധികം യുഎസ് സൈനികരെയാണ് അമേരിക്ക ഇറാഖിൽ വിന്യസിച്ചിരുന്നത്. പിന്നീട് ഒബാമ ഭരണകൂടത്തിന്റെ കാലത്തുണ്ടാക്കിയ ധാരണപ്രകാരം 2011ൽ ഭൂരിഭാഗം യുദ്ധസേനയും പിന്മാറി. എന്നാൽ എംബസി സുരക്ഷയുടെയും ഉപദേശകരുടെയും പേരിൽ ഒരു വിഭാഗം അവിടെ തുടർന്നു. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിന്റെ വലിയൊരു ഭാഗം പിടിച്ചടക്കിയതോടെ ഇറാഖ് സർക്കാരിന്റെ അപേക്ഷയെന്ന നിലയിൽ യുഎസ് സൈന്യം വീണ്ടും അധിനിവേശം ശക്തമാക്കി.
സെപ്റ്റംബറിലെ സൈനിക പിന്മാറ്റത്തോടെ അമേരിക്കയുടെ ഇറാഖ് അധിനിവേശ ദൗത്യം ഔദ്യോഗികമായി അവസാനിക്കും. 2003ലെ അധിനിവേശത്തോടെ തുടങ്ങി പശ്ചിമേഷ്യയെ തകർത്ത സാമ്രാജ്യത്വ യുദ്ധവെറിയുടെ ക്രൂരമായ ഒരു അധ്യായത്തിനാണ് ഇതോടെ അവസാനമാകുന്നത്.











0 comments