പ്രവാസി പെൻഷൻ: കുടിശ്ശിക ഉടൻ വിതരണം ചെയ്യണം - കൈരളി ഒമാൻ

മസ്കത്ത് : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. പെൻഷൻ വിതരണം കാലതാമസം കൂടാതെ പുനഃസ്ഥാപിക്കണമെന്നും മാസങ്ങളായി കുടിശ്ശികയായ മുഴുവൻ തുകയും ഉടൻ വിതരണം ചെയ്യണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റെ സമീപനം കടുത്ത അവഗണനയാണ്. ഇത് കേവലം ഭരണപരമായ വീഴ്ചയോ സാമ്പത്തിക പ്രതിസന്ധിയോ അല്ല. പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് മുൻ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ഗുരുതരമായ സാമൂഹ്യനീതി പ്രശ്നമാണ്.
വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകിയ പ്രവാസികളാണ് ഇന്ന് അവഗണനയുടെ ഇരകളാകുന്നത്. അത്തരക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ രൂപീകരിച്ച ക്ഷേമനിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ പോലും സമയത്ത് നൽകാൻ സർക്കാരിന് കഴിയാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. പ്രായാധിക്യം, ആരോഗ്യപ്രശ്നങ്ങൾ, സ്ഥിരവരുമാനമില്ലായ്മ എന്നിവയുമായി പൊരുതുന്ന നിരവധി മുൻ പ്രവാസികൾക്ക് ഈ പെൻഷൻ ജീവിക്കാനുള്ള ഏക ആശ്രയമാണ്. മാസങ്ങളായി പെൻഷൻ ലഭിക്കാത്തതിനാൽ ചികിത്സാചെലവുകൾ വഹിക്കാനും മരുന്നുകൾ വാങ്ങാനും ദൈനംദിന ജീവിതച്ചെലവുകൾ കണ്ടെത്താനും കഴിയാതെ അനേകം കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ യാഥാർഥ്യം സർക്കാർ ഗൗരവമായി കാണണം.
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർ വർഷങ്ങളോളം കൃത്യമായി വിഹിതം അടച്ച് സർക്കാരിന്റെ ക്ഷേമപദ്ധതിയിൽ വിശ്വാസമർപ്പിച്ചവരാണ്. എന്നാൽ, അവർക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കുന്നത് അവരുടെ വിശ്വാസത്തെ തകർക്കും. ക്ഷേമനിധിയിൽ അംഗത്വം എടുത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് വാഗ-്‌ദാനങ്ങളിൽ മാത്രം പ്രവാസികളെ ഓർക്കുകയും അധികാരത്തിലെത്തിയശേഷം അവരുടെ അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല. കുടിശ്ശികയായ മുഴുവൻ പെൻഷനും അടിയന്തരമായി വിതരണം ചെയ്യണം. പുതിയ അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകി സമയബന്ധിതമായി തീർപ്പാക്കണം. ക്ഷേമനിധി പദ്ധതിയുടെ പ്രവർത്തനം സുതാര്യവും കാര്യക്ഷമമാക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.











0 comments