ad
Deshabhimani

കെഎസ്‌യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റ്; സതീശനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യർ

Aloysius Xavier vd satheesan.jpg
വെബ് ഡെസ്ക്

Published on Jul 15, 2026, 04:03 PM | 1 min read

തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമനത്തിൽ അഭിപ്രായം പറയാൻ കെഎസ്‍യു ആരാണെന്ന മുഖ്യമന്ത്രി വി ‍ഡി സതീശന്റെ പ്രതികരണത്തിൽ തുറന്നടിച്ച് സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റെന്നും കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ തെരുവിൽ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉൾക്കൊണ്ട് കെഎസ്‍യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.


ഗവ. പ്ലീഡർ നിയമനത്തിൽ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‍യു മുൻ യൂണിറ്റ് പ്രസിഡന്റുമാർ ആശങ്ക അറിയിച്ചിരുന്നു. മുഴുവൻ കെഎസ്‍യുകാരുടെയും ആശങ്കയാണത്. അത് കണ്ടില്ലെന്ന് നടിക്കാൻ കെഎസ്‍യു സംസ്ഥാന കമ്മിറ്റിക്ക് കഴിയില്ല. കെഎസ്‍യുവിനെതിരായ പ്രതികരണത്തിൽ മുഖ്യമന്ത്രി ജാ​ഗ്രത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് സർക്കാർ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിൽ നിലപാട് അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞു.


ഗവ. പ്ലീഡറായി സജീവ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതിനെ കുറിച്ചുള്ള കെഎസ്‍യു വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് 'തിരുവനന്തപുരത്തെ കെഎസ്‍യു ആണോ ഗവ പ്ലീഡറെ നിയമിക്കുന്നത്. കെഎസ്‍യുവിന് ​ഗവ പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല' - എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്.


വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്‌ മാവേലിക്കര തഴക്കര സ്വദേശിയും സജീവ ആർഎസ്‌എസ്‌ പ്രവർത്തകനുമായ ഡി എസ്‌ ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചത്‌. ജൂലൈ എട്ടിന്‌ പുറത്തിറക്കിയ 31പേരുടെ പട്ടികയിലാണ്‌ ശരത്തുള്ളത്‌. 2004–2009ൽ തൃശൂർ ഗവ. ലോ കോളേജിലെ എബിവിപി നേതാവായിരുന്ന ഇയാൾ ആർഎസ്‌എസുകാർ പ്രതികളായ കേസുകളിൽ സ്ഥിരമായി ഹാജരാകുന്നുണ്ട്‌. ഇതിനു പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി കോൺ​ഗ്രസിലെ അഭിഭാഷക വിഭാ​ഗം ഇന്ത്യൻ ലോയേഴ്സ് കോൺ​ഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ലോയേഴ്സ് കോൺ​ഗ്രസിലെ യു​ദ്ധം മറനീക്കി പുറത്തുവരികയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home