ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: സംസ്ഥാന സെക്രട്ടറി എംപി അഞ്ജനയ്‌ക്കെതിരെ തെളിവുമായി ശബ്‌ദരേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടന്ന ഫണ്ട് തട്ടിപ്പിൽ നിർണായകമായ ശബ്‌ദരേഖ പുറത്ത്. സംസ്ഥാന സെക്രട്ടറി എംപി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയെന്ന് സ്ഥിരീകരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളായ കൊടികൾ, തോരണങ്ങൾ, ഷാളുകൾ, തൊപ്പികൾ എന്നിവ വിതരണം ചെയ്യുന്നതിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.62 കോടി രൂപയുടെ കരാർ നൽകിയിരുന്നു. സാധാരണയായി ഇത്തരം സാമഗ്രികൾ ബിജെപി കേന്ദ്ര നേതൃത്വം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുന്നതാണ്.
എന്നാൽ സാമഗ്രികൾ എത്താൻ വൈകിയതോടെയാണ് കരാർ നൽകാൻ നിർബന്ധിതരായത്. കരാർ ഒപ്പിടുമ്പോൾ തന്നെ കമ്പനി പ്രതിനിധിയോട് 31 ലക്ഷം രൂപ കമ്മീഷനായി ആവശ്യപ്പെട്ടുവെന്നും, ഇതനുസരിച്ചാണ് തുക കൈമാറിയതെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
കുടിശിക തുക തെരഞ്ഞെടുപ്പിന് ശേഷം നൽകാമെന്ന് എംപി അഞ്ജന ഉറപ്പുനൽകിയതായും കമ്പനി പ്രതിനിധി തെരഞ്ഞെടുപ്പ് ചുമതലയുള്ള വ്യക്തിയോട് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന് ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയും, വിഷയം പഠിക്കാൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന നേതൃത്വത്തിലെ ചിലർ കമ്മീഷൻ തുക തട്ടിയെടുത്തുവെന്ന ആരോപണം ശക്തമാകുമ്പോഴും, ഇത്തരം ഒരു കമ്മീഷനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ അറിവില്ലെന്നാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഔദ്യോഗിക വിശദീകരണം. വിഷയത്തിൽ ബിജെപിയിലെ മറ്റ് ഉന്നത നേതാക്കളൊന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.











0 comments