'പാലം കടന്നാൽ കൂരായണ, പ്രവർത്തകരുടെ ത്യാഗം ആരും മറക്കേണ്ട'; വി ഡി സതീശനെതിരെ കെഎസ്‍യു

ഗോകുൽ ഗുരുവായൂർ കെ സി വേണുഗോപാലിനൊപ്പം, വി ഡി സതീശൻ
തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‍യുവിനെ തള്ളിയ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് യൂണിറ്റ് മുതൽ ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പുമാണെന്ന് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും, ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ ചരിത്രം ആവർത്തിക്കപ്പെടും. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ലെന്നും കുറിപ്പിൽ പറയുന്നു.
വെള്ളംകോരിയവരെയും വിറകുവെട്ടിയവരെയും നോക്കുകുത്തിയാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ അഭിപ്രായം പറയാൻ കെഎസ്‍യു ആരാണെന്നും അവർക്കൊന്നും ഒരു കാര്യവുമില്ലെന്നുമാണ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 'തിരുവനന്തപുരത്തെ കെഎസ്‍യു ആണോ ഗവ പ്ലീഡറെ നിയമിക്കുന്നത്. കെഎസ്‍യുവിന് ഗവ പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല'- എന്നാണ് സതീശൻ പറഞ്ഞത്.
ഫെയ്സ്ബുക്ക് കുറിപ്പ്
അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കുന്നതിന് വേണ്ടി ഇത്തരം യൂണിറ്റ് മുതൽ ഉള്ള ഓരോ പ്രവർത്തകരുടെയും ചോരയും ,നീരും, അധ്വാനവും,വിയർപ്പും തന്നേ ആണ് അവസരമൊരുക്കിയത്... അവർ അനുഭവിച്ച പീഡനങ്ങളും,കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ട...!
EMS മുതൽ പിണറായി വിജയൻ വരെയുള്ള വരെ അധികാരത്തിൻ്റെ അനന്തഗോപുരത്തിൽ നിന്നും ചരിത്രത്തിൻ്റെ ചവറ്റുകോട്ടയിലേക്ക് തള്ളിയിട്ടും ഇത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ചവരെ മറന്ന് ശീതീകരിച്ച മുറിയിലേ നാല് ചുവരുകൾക്കുള്ളിലേ സുഖലോലുഭതയിൽ മനം മയങ്ങികൊണ്ട് ആണ്... ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും,ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ EMS മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ടെന്നതും മറക്കേണ്ട....!.
പാലം കടക്കുന്നത് വരേ നാരായണ... പാലം കടന്നാൽ പിന്നെ കൂരായണ... എന്ന നിലപാട് ശരിയല്ല...
ഗോകുൽ ഗുരുവായൂർ (KSU തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ്)











0 comments