നോയിഡയിൽ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് മരണം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ മമുറ ഗ്രാമത്തിലുള്ള അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇലക്ട്രിക് ബൈക്കിൽ നിന്ന് തീപ്പൊരിയുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിൽ നിന്ന് തീ പടരുകയായിരുന്നു. തുടർന്ന് പാർക്കിങ്ങിലുണ്ടായിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും തീ പടർന്നുപിടിച്ചു. ഗൗതം ബുദ്ധ നഗർ ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ കെട്ടിടത്തിൽ കുടുങ്ങിയ 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പുക ശ്വസിച്ചതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട രണ്ട് പേരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ് സൗകര്യമുള്ള 'ജി+4' (G+4) ഘടനയിലുള്ള കെട്ടിടമാണ് ഇതെന്നും, പാർക്കിങ്ങിൽ നിന്നുയർന്ന പുക മുകളിലത്തെ നിലകളിലേക്ക് വേഗത്തിൽ വ്യാപിക്കുകയായിരുന്നുവെന്നും ജോയിന്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുകളും ഏഴ് ഫയർ ടെൻഡറുകളും ഉപയോഗിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.











0 comments