ad
Deshabhimani

കോംഗോയിൽ എബോള ബാധ കുതിച്ചുയരുന്നു; മരണം 754 ആയി, 2,011 പേര്‍ രോഗ കിടക്കയിൽ

ebola
വെബ് ഡെസ്ക്

Published on Jul 15, 2026, 03:21 PM | 1 min read

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നിരക്കിൽ പടരുന്നതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 2,011 ആയി ഉയർന്നു. രോഗബാധയെത്തുടർന്ന് 754 പേർക്ക് ജീവൻ നഷ്ടമായതായും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.


അധികൃതരെയും ആരോഗ്യപ്രവർത്തകരെയും കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് രോഗവ്യാപനം തുടരുന്നത്. നിലവിൽ 753 പേർ വിവിധ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകളിലുമായി ചികിത്സയിൽ കഴിയുകയാണ്. അതേസമയം, രോഗബാധിതരായ 366 പേർ പൂർണ്ണമായി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.


congo


വെല്ലുവിളിയായി കോൺടാക്റ്റ് ട്രേസിങ്


രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള 'കോൺടാക്റ്റ് ട്രേസിങ്' നടപടികൾ മന്ദഗതിയിലാകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ രോഗസാധ്യതയുള്ളവരിൽ 67 ശതമാനം ആളുകളെ മാത്രമാണ് ആരോഗ്യവകുപ്പിന് കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും സാധിച്ചിട്ടുള്ളത്. ബാക്കി 33 ശതമാനം ആളുകളിലേക്ക് ഇനിയും എത്താൻ സാധിക്കാത്തത് രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


Related News

പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളും ജനങ്ങൾക്കിടയിലുള്ള ബോധവൽക്കരണത്തിന്റെ കുറവുമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും സഹായത്തോടെയുള്ള നടപടികൾ കോംഗോ സർക്കാർ ശക്തമാക്കിയിട്ടുണ്ട്.


തുടക്കം തിരിച്ചറിയാതെ


ആഴ്ചകളോളം തിരിച്ചറിയപ്പെടാതെ പടർന്നതിന് ശേഷമാണ് മെയ് 15ന് കോംഗോ അധികൃതർ പുതിയ എബോള വ്യാപനം സ്ഥിരീകരിച്ചത്. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ബുണ്ടിബുഗ്യോ വൈറസാണ് ഈ പുതിയ രോഗവ്യാപനത്തിന് കാരണം. നിലവിൽ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ല. കോംഗോയിലെ സാധാരണക്കാരുടെ ജീവിതങ്ങൾ കടുത്ത ഭീഷണിയിലാണ്.


രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായ കിഴക്കൻ കോംഗോയിലെ നിരന്തരമായ ആഭ്യന്തര സംഘർഷങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും ആവശ്യത്തിന് അന്താരാഷ്ട്ര ഫണ്ടുകൾ ലഭ്യമല്ലാത്ത സാഹചര്യവും വെല്ലുവിളി ഉയർത്തുന്നുണ്ട്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവത്താലും ദാരിദ്ര്യം മൂലവും കോംഗോയിലെ ജനങ്ങൾ വീണ്ടുമൊരു ദുരന്തത്തെ നേരിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home