സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം; വിശദീകരണം തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ ആരോഗ്യം സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജ്സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ ആവശ്യം അങ്ങേയറ്റം അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് നിരീക്ഷിച്ചു. നാളെത്തന്നെ മറുപടി നൽകാൻ ഇരു സർക്കാരുകളോടും ആവശ്യപ്പെട്ടു.
അഡ്വക്കേറ്റും സാമൂഹിക പ്രവർത്തകനുമായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. ദിവസങ്ങളായുള്ള നിരാഹാരത്തെ തുടർന്ന് വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സമരത്തെ അവഗണിച്ച് നേരിടുകയെന്ന സമീപനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇദ്ദേഹത്തിനൊപ്പം നിരാഹാരം കിടന്ന വിദ്യാർത്ഥി ആശുപത്രിയിലാണ്. സമരം തുടരുന്നതിനിടെ വാങ്ചുക്കിന് 8.25 കിലോഗ്രാം ഭാരം കുറഞ്ഞു. വാങ്ചുക്കിന് മതിയായ വൈദ്യസഹായം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല.

ജൂൺ 28 മുതൽ ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ് സോനം വാങ്ചുക്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ കുഴപ്പത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നിരാഹാരം. നീറ്റ്, യുജിസി, സിബിഎസ് സി പരീക്ഷകളിലെല്ലാം അതീവ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകളിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഹര്‍ജിയിലെ ആവശ്യം
സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെയെങ്കിലും മതിയായ വൈദ്യസഹായം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഇതിനായി അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും ജീവൻ നിലനിർത്താൻ ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും ദ്രവരൂപത്തിൽ നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട ബി എൻ എസ് 2023 ലെ സെക്ഷൻ 108 പ്രകാരമുള്ള കുറ്റം സംഭവിക്കാൻ സർക്കാർ അനുവദിക്കരുത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഫലത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് തുല്യമാകും എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു
കേസിൽ നാളെ കോടതി നടത്തുന്ന തുടർനടപടികൾ വാങ്ചുക്കിന്റെ സമരത്തിലും ആരോഗ്യപരമായ ഇടപെടലുകളിലും നിർണായകമാകും.











0 comments