ad
Deshabhimani

ചപ്പാത്തി യന്ത്രത്തിൽ കുടുങ്ങി 
അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തു

 കണ്ണൂർ ആസ്‌റ്റർ മിംസിലെ ഡോക്ടർമാരുടെ സംഘം അറ്റുപോയ  കൈപ്പത്തി  തുന്നിച്ചേർത്ത രോഗിയോടൊപ്പം
വെബ് ഡെസ്ക്

Published on Jul 15, 2026, 02:30 PM | 1 min read

കണ്ണൂർ

ചപ്പാത്തി നിർമാണ യന്ത്രത്തിൽപെട്ട് അറ്റുപോയ വലതുകൈ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലാണ്‌ മണിക്കൂറുകൾ നീണ്ട അത്യാധുനിക മൈക്രോ സർജറി ദൗത്യം. ചപ്പാത്തി പരത്തുന്ന യന്ത്രത്തിലേക്ക് മാവ് ഇട്ടുകൊടുക്കുന്നതിനിടെയാണ് കാസർകോട്‌ സ്വദേശിനിയായ യുവതിയുടെ കൈപ്പത്തി റോളറുകൾക്കിടയിൽ കുരുങ്ങി അറ്റുപോയത്. മുൻകൈയിലെ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങി തൊലിയും മാംസപേശികളും രക്തക്കുഴലുകളും പൂർണമായി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. പ്ലാസ്റ്റിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. നിബു കുട്ടപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. തകർന്ന അസ്ഥികൾ പ്രത്യേക ലോഹക്കമ്പികൾ ഉപയോഗിച്ച് കൃത്യമായ ഘടനയിൽ പുനഃസ്ഥാപിക്കുന്നതായിരുന്നു ആദ്യഘട്ടം. പിന്നീട്‌ ചതഞ്ഞ രക്തക്കുഴലുകൾക്കും നാഡികൾക്കും മറ്റ് ശരീരഭാഗങ്ങളിൽ നിന്നും ആരോഗ്യമുള്ള രക്തക്കുഴലുകളും മാംസപേശികളും എടുത്തുചേർത്താണ്‌ കൈയിലേക്കുള്ള രക്തസഞ്ചാരം പുനഃസ്ഥാപിച്ചത്. യുവതി നിലവിൽ ഫിസിയോതെറാപ്പി ചികിത്സയിലാണ്. ഡോ. അർജുൻ ഉണ്ണികൃഷ്ണൻ, ഡോ. നിപുൻ, ഓർത്തോ വിഭാഗം ഡോക്ടർമാരായ ഡോ സന്ദീപ്, ഡോ. അനുപം, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. അനൂപ് ജോയ്, ഡോ. കീർത്തി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളിയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home