ad
Deshabhimani

KEAM 2026: എൻജിനിയറിങ്‌ കൺഫർമേഷൻ; കൺഫ്യ‍‍ൂഷൻ വേണ്ട

KEAM 2026
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jul 15, 2026, 02:08 PM | 2 min read

ഈ വർഷത്തെ കേരള എൻജിനിയറിങ്‌ അലോട്ട്മെന്റ് (KEAM2026) നടപടികളുടെ ആദ്യഘട്ടം കഴിഞ്ഞു. ലഭിച്ച കോഴ്സിൽ ചേരാനുള്ള സന്നദ്ധതയും തുടർന്നുള്ള നടപടിക്രമങ്ങളിൽ പങ്കെടുക്കാനുള്ള താൽപ്പര്യവും പ്രകടിപ്പിക്കുക എന്ന അർഥത്തിൽ ടോക്കൺ ഫീസ് അടയ്‌ക്കുകയും ചെയ്തു. ഫീസ്‌ അടയ്ക്കാത്തവർക്ക് ഇപ്പോൾ ലഭിച്ച സീറ്റ് നഷ്ടപ്പെടും. അലോട്ട്മെന്റ്‌ പ്രക്രിയയിൽ തുടരാനാകുകയുമില്ല. എന്നാൽ, ഇക്കൂട്ടർക്ക് മോപ് അപ് അലോട്ട്മെന്റ്‌ വഴി പിന്നീട് ഓപ്ഷൻ സമർപ്പിച്ച് പ്രവേശനം നേടാനായേക്കും. അലോട്ട്മെന്റ്‌ ലഭിച്ചവർ ഇപ്പോൾ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. അടുത്തഘട്ട അലോട്ട്മെന്റിനുശേഷമേ കോളേജിൽ ചേരേണ്ടതുള്ളൂ.


​ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം


ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഓപ്ഷൻ കൺഫർമേഷൻ ചെയ്താൽമാത്രമേ രണ്ടാംഘട്ട അലോട്ട്മെന്റിനായി അവരുടെ ഉയർന്ന ഓപ്ഷനുകൾ പരിഗണിക്കുകയുള്ളൂ. ഓപ്ഷൻ സമർപ്പിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരും അലോട്ട്മെന്റ്‌ പ്രക്രിയയിൽ തുടരാനായി ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതുണ്ട്. ജൂലൈ 16നകം www. cee.kerala.gov.in വെബ്സൈറ്റിലെ ഹോം പേജിൽ ലോഗിൻ ചെയ്ത്, confirm ബട്ടണിൽ ക്ലിക്ക് ചെയ്ത് ഓപ്ഷൻ കൺഫർമേഷൻ നടത്താം. ആദ്യഘട്ട അലോട്ട്മെന്റ്‌ സ്വീകരിച്ചവർ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട അലോട്ട്മെന്റ്‌ നിലനിൽക്കും.


​രണ്ടാം അലോട്ട്മെന്റ്‌ 19ന്


ജൂലൈ 17ന് രണ്ടാംഘട്ട പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 19ന് ഫൈനൽ അലോട്ട്മെന്റ്‌ ലിസ്റ്റും പ്രതീക്ഷിക്കാം. ആദ്യ അലോട്ട്മെന്റിനായി നൽകിയ ഓപ്ഷനുകൾതന്നെയാണ് രണ്ടാംഘട്ടത്തിലും പരിഗണിക്കുന്നത്. ഉദാഹരണത്തിന് ആദ്യഘട്ടത്തിൽ പത്ത്‌ ഓപ്ഷനുകൾ കൊടുത്ത ഒരു വിദ്യാർഥിക്ക് എട്ടാമത്തെ ഓപ്ഷനാണ് ലഭിച്ചതെന്ന് കരുതുക. എങ്കിൽ ഒന്നുമുതൽ ഏഴുവരെയുള്ള ഓപ്ഷനുകളെയാണ് രണ്ടാംഘട്ടത്തിൽ പരിഗണിക്കുന്നത്. താൽപ്പര്യമനുസരിച്ച് ഈ ഏഴ് ഓപ്ഷനുകൾ പുനക്രമീകരിക്കാൻ അവസരമുണ്ടാകും. താൽപ്പര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കുകയും ചെയ്യാം.


എന്നാൽ, പുതിയ ഓപ്ഷനുകൾ ചേർക്കാൻ കഴിയില്ല. അലോട്ട്മെന്റ്‌ പ്രക്രിയയിൽ പുതുതായി ഉൾപ്പെടുത്തിയ ഏതെങ്കിലും കോഴ്സുകളുണ്ടെങ്കിൽ അവ ചേർക്കാം. രണ്ടാം അലോട്ട്മെന്റിൽ പുതിയ ഓപ്ഷൻ ലഭിക്കുമ്പോൾ ആദ്യ അലോട്ട്മെന്റിൽ ലഭിച്ച ഓപ്ഷൻ നഷ്ടപ്പെടും. ആദ്യഘട്ടത്തിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോരിറ്റി / കമ്യൂണിറ്റി / ട്രസ്റ്റ് ക്വോട്ടകളിലും കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷന് (CAPE) കീഴിലുള്ള കോളേജുകളിൽ സഹകരണമേഖലയിലെ ജീവനക്കാരുടെ മക്കൾക്കുള്ള സി ബി ക്വോട്ടയിലും ഓപ്ഷനുകൾ നൽകാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാൽ രണ്ടാംഘട്ടത്തിനായി കൺഫർമേഷൻ കൊടുക്കുന്നതോടൊപ്പം അർഹതയനുസരിച്ചുള്ള ഓപ്ഷനുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.


​ആർക്കിടെക്ചറിന്റെ ഒന്നാംഘട്ടം


ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഈ ഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസ്‌ അടച്ച് ഓപ്ഷൻ നൽകേണ്ടതുണ്ട്. ജൂലൈ 16നകം നൽകിയ ഓപ്ഷനുകൾ പരിഗണിച്ച് 17ന് ആർക്കിടെക്ചർ കോഴ്സുകളുടെ പ്രൊവിഷണൽ അലോട്ട്മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 19ന് ഫൈനൽ അലോട്ട്മെന്റ്‌ ലിസ്റ്റും പ്രതീക്ഷിക്കാം.


കോളേജിൽ ചേരണം


​രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം വിദ്യാർഥികൾ അലോട്ട്മെന്റ്‌ ലഭിച്ച കോളേജിൽ ഫീസ്‌ അടച്ച് ചേരേണ്ടതുണ്ട്. ജൂലൈ 20 മുതൽ 24ന് നാലുമണിവരെയാണ് സമയം. ആർക്കിടെക്ചർ ഒന്നാംഘട്ട അലോട്ട്മെന്റ്‌ ലഭിക്കുന്ന വിദ്യാർഥികളും കോളേജിൽ ചേരണം. വിദ്യാർഥികൾ അടയ്ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റ്‌ തുടർച്ചയായി നിരീക്ഷിക്കണം. വിവരങ്ങൾക്ക്‌: www. cee. kerala.gov.in, ഹെൽപ്പ്‌ലൈൻ: 0471–-2332120, 2338487, 155300, -2115054, 2115098, 2335523.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home