പാസ്‌പോർട്ട് പൗരത്വ രേഖയല്ല; യാത്രാ രേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെന്നും അതൊരു യാത്രാ രേഖ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. പാസ്‌പോർട്ട് പൗരത്വ രേഖയായി കണക്കാക്കാമോ എന്നതിനെച്ചൊല്ലി രാജ്യത്ത് നടക്കുന്ന ചർച്ചകൾക്കിടെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്.
1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം ഒരു വ്യക്തിക്ക് വിദേശയാത്ര നടത്തുന്നതിനും തിരിച്ചെത്തുന്നതിനുമുള്ള രേഖയായി മാത്രമാണ് പാസ്‌പോർട്ടിനെ കാണുന്നത്. 1967-ലെ പാസ്‌പോർട്ട് ആക്ട്, 1980-ലെ പാസ്‌പോർട്ട് നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പാസ്‌പോർട്ടുകൾ അനുവദിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 8 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ പാസ്‌പോർട്ട് ഉള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാൻ കഴിയുമോ എന്ന സംശയങ്ങൾ നേരത്തെ തന്നെ നിലനിന്നിരുന്നു.
ഈ സാഹചര്യത്തിൽ, പൗരത്വ നിയമങ്ങളുടെ ഭാഗമായുള്ള പരിശോധനകളിൽ പാസ്‌പോർട്ടിനെ അന്തിമ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം ആവർത്തിക്കുന്നത്. പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നാസി ജർമനിയിലെ ഹിറ്റ്‌ലറുടെ നടപടികൾക്ക് സമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞിരുന്നു.











0 comments