ഇതൊക്കെ നിസാരം... നിസാർ ഉപഗ്രഹം വിക്ഷേപിച്ചു

PHOTO CREDIT: X
ഹൈദരാബാദ്: നാസയുമായി ചേർന്നുള്ള ഐഎസ്ആർഒയുടെ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 5.40ഓടെയായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. നാസയും ഐഎസ് ആർഒയും സംയുക്തമായി നടത്തുന്ന ആദ്യ ദൗത്യമാണിത്. വിക്ഷേപണത്തിന് ഏകദേശം 19 മിനിറ്റിനുശേഷം ജിഎസ്എൽവി-എഫ് 16 റോക്കറ്റ് നിസാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും.
കൃഷി, കാലാവസ്ഥാ വ്യതിയാനത്തിലുള്ള ഗവേഷണം, ദുരന്ത പ്രതികരണം, ഭൗമശാസ്ത്ര പഠനങ്ങൾ എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 12 ദിവസത്തിലൊരുക്കൽ ഭുമിയുടെ ഉപരിതലം മുഴുവൻ സ്കാൻ ചെയ്ത് ചിത്രങ്ങൾ പകർത്താൻ നിസാർ ഉപഗ്രഹത്തിന് കഴിയും. 242 കിലോമീറ്റർ വിസ്തൃതിയിൽ ഉയർന്ന റെസല്യൂഷനിൽ പകലും രാത്രിയുമുള്ള എല്ലാ കാലാവസ്ഥാ ചിത്രങ്ങളും ഉപഗ്രഹം നൽകും.
നാസയുടേയും ഐഎസ്ആർഒയുടെയും സാങ്കേതിക വൈദഗ്ധ്യം സംയോജിപ്പിക്കുന്ന ദൗത്യമാണ് നിസാര്‍. നാസയുടെ എല്‍-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആര്‍), ഉയർന്ന നിരക്കില്‍ ആശയവിനിമയത്തിന് ഉപസംവിധാനം, ജിപിഎസ് റിസീവറുകൾ, വിടര്‍ത്തി വിന്യസിക്കാവുന്ന 12 മീറ്റര്‍ ആന്റിന എന്നിവ ഉപഗ്രഹത്തിലുണ്ട്.
എസ്-ബാൻഡ് എസ്എആര്‍ പേലോഡ്, രണ്ട് പേലോഡുകളും ഉൾക്കൊള്ളുന്ന ബഹിരാകാശ പേടകം, ജിഎസ്എല്‍വി-എഫ്16 വിക്ഷേപണ വാഹനം, അനുബന്ധ വിക്ഷേപണ സേവനങ്ങള്‍ എന്നിവയാണ് ഐഎസ്ആർഒയുടെ സംഭാവനകൾ. നിസാറിൽ നാസയുടെ എൽ-ബാൻഡ് റഡാറും ഐഎസ്ആർഒയുടെ എസ്-ബാൻഡ് റഡാറും ഉൾപ്പെടുന്നതിനാൽ വളരെ കൃത്യതയോടെ ഭൂമിയുടെ ഉപരിതല മാറ്റങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്.
ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ തുടർച്ചയായി നിരീക്ഷിക്കാനും ഭൂകമ്പം, സുനാമികൾ, അഗ്നിപർവത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വിലയിരുത്താനും ഇത് സഹായിക്കും. ഭൂമിയുടെ ഉപരിഭാഗത്തിലെയും ഉപരിതല ചലനത്തിലെയും സൂക്ഷ്മ മാറ്റങ്ങൾ പോലും നിസാർ നീരീക്ഷിക്കും.
കടൽമഞ്ഞിന്റെ വർഗീകരണം, കപ്പൽ കണ്ടെത്തൽ, തീരദേശ നിരീക്ഷണം, കൊടുങ്കാറ്റ് നിരീക്ഷണം, വിളകളുടെ ചിത്രീകരണം, മണ്ണിന്റെ ഈർപ്പത്തിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്താവുന്ന ഉപഗ്രഹ വിവരങ്ങള്‍ സർക്കാരുകൾക്കും ഗവേഷകർക്കും ദുരന്ത നിവാരണ ഏജൻസികൾക്കും പ്രധാനമാണ്.
ഉപഗ്രഹം 90 ദിവസത്തിനുള്ളിൽ പരവർത്തന സജ്ജമാകും
ഉപഗ്രഹം ഭ്രമണ പഥത്തിൽ സ്ഥാപിച്ചു.
നിസാർ വിക്ഷേപണം വിജയം









0 comments