ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഇനി സുരക്ഷിതം; 'മ്യൂസ് ഇമേജ്' ഫീച്ചർ മെറ്റ പിൻവലിച്ചു

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചാറ്റ്‌ബോട്ട് വഴി വ്യാജ ചിത്രങ്ങളും മാറ്റങ്ങൾ വരുത്തിയ ചിത്രങ്ങളും നിർ മിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ മെറ്റ പിൻവലിച്ചു. മ്യൂസ് ഇമേജ് എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ആഗോളതലത്തിൽ കടുത്ത പ്രതിഷേധവും സ്വകാര്യതാ ആശങ്കകളും ഉയർന്നതോടെയാണ് മെറ്റയുടെ അടിയന്തര പിൻമാറ്റം.
മെറ്റാ എഐ ചാറ്റിലൂടെ ഇൻസ്റ്റാഗ്രാമിലെ പൊതു അക്കൗണ്ടുകൾ ടാഗ് ചെയ്ത്, അതിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് പുതിയ ചിത്രങ്ങൾ നിർമിക്കാൻ സാധിക്കുന്നതായിരുന്നു ഈ ഫീച്ചർ. ഉപയോക്താക്കളുടെ അനുവാദമില്ലാതെ തന്നെ അവരുടെ ചിത്രങ്ങളും രൂപസാദൃശ്യങ്ങളും ദുരുപയോഗം ചെയ്യാൻ ഇത് കാരണമാകും എന്നതായിരുന്നു പ്രധാന പോരായ്മ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും എഐ ദുരുപയോഗം വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ മേഖലകളിൽ നിന്ന് വലിയ വിമർശനം ഉയർന്നു.
പ്രതിഷേധം ശക്തമായതോടെ തങ്ങൾക്ക് പിഴവ് സംഭവിച്ചതായി മെറ്റ ഔദ്യോഗികമായി സമ്മതിച്ചു. ആളുകളുടെ സർഗ്ഗാത്മകത വർധി പ്പിക്കാനുള്ള ഒരു ടൂൾ എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചതെന്നും എന്നാൽ പൊതുജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് ഫീച്ചർ പൂർണ മായും നിർത്തലാക്കുകയാണെന്നും മെറ്റ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ഹോളിവുഡ് താരങ്ങളുടെ സംഘടനയായ സാഗ്-ആഫ്ട്ര, ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പ്രൈവസി ഇന്റർനാഷണൽ എന്നിവർ മെറ്റയുടെ ഈ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു. ജനങ്ങളുടെ ചിത്രങ്ങളെയും വിവരങ്ങളെയും ചൂഷണം ചെയ്യാനുള്ള എഐ കമ്പനികളുടെ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നായിരുന്നു വിമർശനം. ഫീച്ചർ പിൻവലിക്കാനുള്ള മെറ്റയുടെ തീരുമാനത്തെ ഇവർ സ്വാഗതം ചെയ്തു.
മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ചെടുത്ത കമ്പനിയുടെ ആദ്യ ഇമേജ് ജനറേഷൻ മോഡലായ മ്യൂസ് ഇമേജ് ശനിയാഴ്ചയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിൽ വാട്സാപ്പ്, ഫേസ്ബുക്ക്, മെസ്സഞ്ചർ എന്നിവയിലേക്കും ഈ എഐ ഫീച്ചറുകൾ വ്യാപിപ്പിക്കാൻ മെറ്റയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ ഒരു എഐ വീഡിയോ ജനറേഷൻ ടൂളും കമ്പനി വികസിപ്പിച്ചു വരികയാണ്.











0 comments