ad
Deshabhimani

ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ

Kochi.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 12:05 PM | 2 min read

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.


ടീമിന്റെ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരസൂചകമായാണ് ഈ തീരുമാനം.


കൂടാതെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് കുടുംബാംഗമായ ഇന്ത്യൻ താരം സഞ്ജു സാംസൺ ഐസിസി ടി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ബഹുമതി നേടിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നതിന്റെ ഭാഗമായും ബോണസ് പ്രഖ്യാപനം നടത്തുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.


കായികരംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്തം കൂടി മുൻനിർത്തി, ഭവനരഹിതരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനായി ഫ്രാഞ്ചൈസി 4 ലക്ഷം രൂപ സംഭാവന ചെയ്യും.

യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് അക്കാദമിക്ക് വലിയ പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.


നെറ്റ് ബൗളർമാർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 600-ലധികം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ മൂന്നാം സീസണിലും ടീമിന്റെ നായകനായി തുടരും. ഇന്ത്യൻ താരം സഞ്ജു സാംസൺ ടീം രൂപീകരണം, യുവതാരങ്ങളുടെ മെന്ററിംഗ്, കളിക്കാരുടെ വികസനം എന്നിവയിൽ നിർണായക പങ്കുവഹിക്കും.


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇത്തവണ ബ്ലൂ ടൈഗേഴ്സിന്റെ (കോ-ഓണർ) ആയി ടീമിനൊപ്പമുള്ളത്. ഗെയിലിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.


കിരീടങ്ങൾ നേടുക എന്നതിനപ്പുറം, വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കാനും സമൂഹത്തിന് തങ്ങളാലാകുന്ന സംഭാവന നൽകാനുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ശ്രമിക്കുന്നതെന്ന് ടീം ഉടമ സുബാഷ് മാനുവൽ വ്യക്തമാക്കി.


കളിക്കാർക്കുള്ള 30 ലക്ഷം രൂപയുടെ ബോണസ്, ഭവനനിർമാണ സഹായം, ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനം, ക്രിസ് ഗെയിലിന്റെ സാന്നിധ്യം എന്നിവയിലൂടെ കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംഭാവന നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിലെ ചാമ്പ്യൻമാരുടെ കരുത്തും ശക്തമായ നേതൃത്വനിരയും ക്രിക്കറ്റ് അക്കാദമിയുടെ പിന്തുണയും ചേരുന്നതോടെ വരും സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home