ad
Deshabhimani

നോളന്റെ ‘ദി ഒഡീസി’ക്ക് കട്ടുകളില്ലാതെ അനുമതി; എ സർട്ടിഫിക്കറ്റ്

THE ODYSSEY
വെബ് ഡെസ്ക്

Published on Jul 11, 2026, 11:51 AM | 1 min read

ന്യൂഡൽഹി: ക്രിസ്റ്റഫർ നോളന്റെ പുതിയ ഹോളിവുഡ് ചിത്രം ദി ഒഡീസിക്ക് കട്ടുകളോ മാറ്റങ്ങളോ ഇല്ലാതെ സെൻസർ ബോർഡ് അനുമതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രം യഥാർഥ വേര്‍ഷനില്‍ തന്നെ പാസ് ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും തിയറ്ററിൽ ചിത്രം കാണാൻ അനുമതി.


ജൂലൈ ഒമ്പതിനാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. സർട്ടിഫിക്കറ്റ് പ്രകാരം ചിത്രത്തിന്റെ ദൈർഘ്യം 172.33 മിനിറ്റാണ്. അതായത് 2 മണിക്കൂർ 52 മിനിറ്റ് 33 സെക്കൻഡ്.


2023ൽ ഇന്ത്യയിൽ റിലീസ് ചെയ്ത നോളന്റെ ഓപ്പൻഹൈമർ ചിത്രത്തെ ചുറ്റിപ്പറ്റി വലിയ വിവാദമുയർന്നിരുന്നു. ഫ്ലോറൻസ് പ്യൂവിന്റെ നഗ്നരംഗം ഇന്ത്യൻ തിയറ്റർ പതിപ്പിൽ സിജിഐ ഉപയോഗിച്ച് കറുത്ത വസ്ത്രം ചേർത്ത് മാറ്റിയിരുന്നു. ഇത് സെൻസർ ബോർഡ് നിർദേശിച്ച മാറ്റമല്ലെന്നും, സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിർമാതാക്കളും അണിയറപ്രവർത്തകരും സ്വമേധയാ വരുത്തിയ മാറ്റമാണെന്നുമായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.


ഓപ്പൻഹൈമറിന് സിബിഎഫ്സി ഔദ്യോഗികമായി നിർദേശിച്ചത് രണ്ട് മാറ്റങ്ങൾ മാത്രമായിരുന്നു. ആവശ്യമായിടങ്ങളിൽ പുകവലി വിരുദ്ധ മുന്നറിയിപ്പുകൾ ചേർക്കുക, ഒരു അസഭ്യവാക്ക് മ്യൂട്ട് ചെയ്ത് സബ്‌ടൈറ്റിലിൽനിന്ന് നീക്കുക എന്നിവയായിരുന്നു മാറ്റങ്ങൾ. എന്നാൽ ജെ റോബർട്ട് ഓപ്പൻഹൈമറായെത്തിയ സിലിയൻ മർഫിയും ജീൻ ടാറ്റ്‌ലോക്കായെത്തിയ ഫ്ലോറൻസ് പ്യൂവും ഉൾപ്പെട്ട സ്വകാര്യ രംഗത്തിൽ ഭഗവദ്ഗീതയിലെ വാക്യങ്ങൾ ഉപയോഗിച്ചതിനെതിരെ ഇന്ത്യയിൽ വിമർശനമുയർന്നിരുന്നു.


ഹോമറിന്റെ പുരാതന ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയെ ആസ്പദമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. ട്രോജൻ യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ നാടായ ഇഥാക്കയിലേക്ക് മടങ്ങിയെത്താൻ നടത്തുന്ന പത്ത് വർഷം നീളുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.


മാറ്റ് ഡെയ്മൺ, ആൻ ഹാത്വേ, സെൻഡയ, ലുപിറ്റ ന്യോംഗോ, റോബർട്ട് പാറ്റിൻസൺ, ടോം ഹോളണ്ട്, ബെനി സാഫ്ഡി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദി ഒഡീസി ജൂലൈ 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home