സൂറത്തിൽ മഴക്കെടുതി; മരണ സംഖ്യ 34 ആയി, കനത്ത നാശനഷ്ടം

Photo:Screengrab X
സൂറത്ത് : ഗുജറാത്തിലെ സൂറത്ത് നഗരത്തിലുണ്ടായ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസും ഫയർഫോഴ്‌സും ചേർന്ന് 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത റെക്കോഡ് മഴയെത്തുടർന്ന് നഗരത്തിൽ നിന്ന് കാണാതായ നിരവധി പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്.
മരിച്ചവരിൽ സ്കൂൾ വാൻ ഡ്രൈവർ, ഗാരേജ് ഉടമ, പവർലൂം തൊഴിലാളി, എംബ്രോയ്ഡറി ബിസിനസുകാരൻ എന്നിവർ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അംരോലി മേഖലയിൽ കാറുമായി ഒഴുക്കിൽപ്പെട്ടാണ് 27കാരനായ ഗാരേജ് ഉടമ സന്ദീപ് മൻസുഖ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ കാറിന്റെ വാതിൽ തുറന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് തപി നദിക്കരയിൽ നിന്നാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ, കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് സ്കൂൾ വാൻ ഡ്രൈവറായ അജയ് ഗാവിത് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാനിലുണ്ടായിരുന്ന ഒൻപത് വയസുകാരനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചെങ്കിലും അജയ് ഒഴുക്കിൽപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 24 മണിക്കൂറിനിടെ 358 മില്ലിമീറ്റർ മഴയാണ് സൂററ്റിൽ മാത്രം രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളായ പൽസാന, കാമ്രേജ് എന്നിവിടങ്ങളിൽ 440 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 3,800ലധികം ആളുകളെ ഒഴിപ്പിച്ചു. ഗുജറാത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 7,500ലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ലിംബായത്ത്, ഉദ്‌ന, വരാച്ച, കദോദര തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. തോടുകൾ കരകവിഞ്ഞൊഴുകി വീടുകളിലും കടകളിലും പാർപ്പിട സമുച്ചയങ്ങളിലും വെള്ളം കയറി. നഗരത്തിലെ 187 സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. കാലവർഷത്തിൽ സൂറത്ത് നഗരം തുടർച്ചയായി നേരിടുന്ന എട്ടാമത്തെ വലിയ പ്രളയമാണിത്.











0 comments