ad
Deshabhimani

രഹസ്യവിവരങ്ങൾ ചോർത്തി; ഓപ്പൺ എഐക്കെതിരെ നിയമനടപടിയുമായി ആപ്പിൾ

Apple
വെബ് ഡെസ്ക്

Published on Jul 11, 2026, 01:34 PM | 1 min read

സിലിക്കൺ വാലി : ചാറ്റ് ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐക്കെതിരെ നിയമനടപടിയുമായി ആപ്പിൾ. തങ്ങളുടെ മുൻ ജീവനക്കാരെ ഉപയോഗിച്ച് ആപ്പിളിന്റെ നിർണായകമായ വ്യാപാര രഹസ്യങ്ങളും സാങ്കേതികവിദ്യകളും ഓപ്പൺഎഐ ചോർത്തിയെന്നാണ് ആപ്പിളിന്റെ പരാതി. കൺസ്യൂമർ ഹാർഡ്‌വെയർ (ഫോൺ അടക്കമുള്ള ഉപകരണങ്ങൾ) രംഗത്തേക്ക് കടക്കാനുള്ള ഓപ്പൺ എഐയുടെ നീക്കങ്ങൾക്ക് വേണ്ടിയാണ് ഈ വിവരങ്ങൾ ചോർത്തിയതെന്നും ആപ്പിൾ ആരോപിക്കുന്നു. കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്ട് കോടതിയിലാണ് ആപ്പിൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്.


ആപ്പിളിന്റെ മുൻ സീനിയർ സിസ്റ്റം ഇലക്ട്രിക്കൽ എഞ്ചിനീയർ ചാങ് ലിയു, മുൻ വൈസ് പ്രസിഡന്റ് ടാങ് യൂ താൻ എന്നിവർക്കെതിരെയും കേസുണ്ട്. ആപ്പിളിൽ നിന്ന് രാജിവെക്കുന്നതിന് മുൻപ് ഇവർ കമ്പനിയുടെ ഹാർഡ്‌വെയർ സംബന്ധിച്ച അതീവ രഹസ്യരേഖകൾ സ്വന്തം ഇമെയിലിലേക്കും മറ്റും മാറ്റിയെന്നാണ് കണ്ടെത്തൽ. കൂടാതെ, ഓപ്പൺഎഐയുടെ അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ ആപ്പിളിന്റെ പാർട്സുകൾ കൊണ്ടുവരാൻ ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിച്ചതായും ആപ്പിൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവ് സ്ഥാപിച്ച 'io Products' എന്ന ഹാർഡ്‌വെയർ സ്റ്റാർട്ടപ്പിനെ ഓപ്പൺ എഐ സ്വന്തമാക്കിയിരുന്നു. നിലവിൽ നാനൂറിലധികം മുൻ ആപ്പിൾ ജീവനക്കാരാണ് ഓപ്പൺ എഐയിൽ ജോലി ചെയ്യുന്നത്.


എന്നാൽ ഈ ആരോപണങ്ങൾ ഓപ്പൺ എഐ നിഷേധിച്ചു. തങ്ങൾക്ക് മറ്റ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങളിൽ താല്പര്യമില്ലെന്നും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആപ്പിളിന്റെ ഐ ഫോണുകൾക്ക് പകരമായി ഭാവിയിൽ വരാൻ സാധ്യതയുള്ള എഐ ഉപകരണങ്ങളുടെ വിപണി ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ പുതിയ നീക്കങ്ങൾ. നിലവിൽ ആപ്പിൾ ഡിവൈസുകളിൽ ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യമാക്കാൻ ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തമുണ്ട്. എന്നാൽ പുതിയ കേസോടുകൂടി ഈ കൂട്ടുകെട്ട് കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home