ad
Deshabhimani

സ്വത്തിനും ജോലിക്കും വേണ്ടി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്; അച്ഛനെയും കൊന്നതെന്ന് സൂചന

jaiupur murder.

പ്രതിയായ ആയുഷി ശർമ്മയും അമ്മ നീരജ് ശർമ്മയ

വെബ് ഡെസ്ക്

Published on Jul 11, 2026, 01:58 PM | 2 min read

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 23 കാരിയായ നിയമവിദ്യാർത്ഥിനി അറസ്റ്റിലായതിന് പിന്നാലെ, കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ ആയുഷി ശർമ്മ ഒരു വർഷം മുൻപ് തന്റെ പിതാവിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയതാണെന്ന ഗുരുതര ആരോപണവുമായി അമ്മാവൻ രംഗത്തെത്തി.


സർക്കാർ ജോലിയും കുടുംബ സ്വത്തും സ്വന്തമാക്കാൻ വേണ്ടിയാണ് ആയുഷി ഈ ക്രൂരതകൾ ചെയ്തതെന്നാണ് ആരോപണം. ജൂലൈ 3-നാണ് ആയുഷിയുടെ അമ്മ നീരജ് ശർമ്മ (45) ജയ്‌പൂരിലെ പ്രതാപ് നഗറിൽ വെച്ച് അമിതവേഗതയിലെത്തിയ സ്‌കോർപിയോ കാറിടിച്ച് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകടം ആണെന്ന് തോന്നിച്ചെങ്കിലും, നീരജിന്റെ സഹോദരൻ രാകേഷ് ശർമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.


മൂന്ന് മാസത്തോളം ആസൂത്രണം ചെയ്താണ് ആയുഷിയും ബന്ധുക്കളും ചേർന്ന് ഈ കൊലപാതകം നടത്തിയത്. അമ്മയെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കാൻ ഹേമന്ത് ശർമ്മ എന്നയാൾക്ക് 7 ലക്ഷം രൂപയ്ക്കാണ് ഇവർ ക്വട്ടേഷൻ നൽകിയത്. ജൂലൈ 3-ന് ഭിന്നശേഷിക്കാരനായ മകനെ കോച്ചിംഗ് ക്ലാസിൽ വിട്ട് മടങ്ങുകയായിരുന്ന നീരജിനെ 130 കിമീ വേഗതയിലെത്തിയ എസ്‌യുവി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇവർ മരിച്ചു. സംഭവത്തിൽ പോലീസ് ആയുഷി ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ബന്ധുവായ ബൽറാം എന്ന രവി നിലവിൽ ഒളിവിലാണ്.


രാജസ്ഥാൻ ഹൈക്കോടതിയിൽ ഉദ്യോഗസ്ഥനായിരുന്ന ആയുഷിയുടെ പിതാവ് വിജയ് കുമാർ ശർമ്മ 2025 ഏപ്രിലിലാണ് മരണപ്പെടുന്നത്. പിതാവിന്റെ മരണശേഷം അമ്മയ്ക്ക് കോടതിയിൽ എൽഡിസി ആയി ജോലി ലഭിച്ചിരുന്നു. ഈ ജോലി തനിക്ക് വേണമെന്ന് ആയുഷി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭിന്നശേഷിക്കാരനായ മകന്റെ ഭാവി മുൻനിർത്തി നീരജ് ജോലി ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അമ്മയെ കൊലപ്പെടുത്താൻ ആയുഷി പദ്ധതിയിട്ടത്.


ആയുഷിയുടെ അമ്മാവൻ രാകേഷ് ശർമ്മ ഇപ്പോൾ പോലീസിലും കോടതിയിലും നൽകിയ പുതിയ പരാതി അനുസരിച്ച്, 2025-ൽ പിതാവ് വിജയ് ശർമ്മ മരിച്ചതും സ്വാഭാവികമായല്ല എന്നാണ്. രോഗബാധിതനായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നൽകിയില്ലെന്നും, മൂന്ന് മാസത്തോളം അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചതായും പരാതിയിൽ പറയുന്നു. 'പിതാവിന്റെ ഫീഡിംഗ് ട്യൂബ് മാറ്റിയാണ് അയാളെ കൊന്നത്, അതുകൊണ്ട് നിന്നെ കൊല്ലാൻ എളുപ്പമാണ്' എന്ന് ആയുഷി മുൻപ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ വെളിപ്പെടുത്തി. ഈ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ശർമ്മയുടെ മരണത്തെക്കുറിച്ചും പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home