ഫോസിൽ ഇന്ധന നിയന്ത്രണം: ഹരിതതുറമുഖമാകാൻ റോട്ടർഡാം; നിയമപോരാട്ടം ശക്തം

റോട്ടർഡാം തുറമുഖം | Photo Credit:AFP
റോട്ടർഡാം: യൂറോപ്പിലെ ഏറ്റവും വലിയ ചരക്കുഗതാഗത കേന്ദ്രമായ നെതർലൻഡ്സിലെ റോട്ടർഡാം തുറമുഖം വഴിയുള്ള ഫോസിൽ ഇന്ധന കൈമാറ്റം പ്രതിവർഷം 600 മെഗാടൺ കാർബൺ പുറന്തള്ളലിന് കാരണമാകുന്നതായി പഠനം.
തുറമുഖത്തെ വ്യവസായ മേഖലയിൽ നിന്ന് മാത്രം പ്രതിവർഷം 29 മില്യൺ ടൺ കാർബൺ അന്തരീക്ഷത്തിലെത്തുന്നുണ്ട്. ഇത് നെതർലൻഡ്സിന്റെ ആകെ ആഭ്യന്തര പുറന്തള്ളലിന്റെ പകുതിയോളമാണ്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാൻ കൃത്യമായ സമയബന്ധിത പ്ലാൻ അതോറിറ്റി തയാറാക്കുന്നില്ല എന്ന് ആരോപിച്ച് 'അഡ്വക്കറ്റ്‌സ് ഫോർ ദി ഫ്യൂച്ചർ' എന്ന പരിസ്ഥിതി സംഘടന തുറമുഖ അതോറിറ്റിക്കെതിരെ നിയമനടപടി ആരംഭിച്ചു. കൽക്കരി, എണ്ണ, വാതകം എന്നിവയുടെ കൈമാറ്റം പൂർണ്ണമായും നിർത്തലാക്കാൻ കൃത്യമായ പ്ലാൻ വേണമെന്നാണ് സംഘടനയുടെ ആവശ്യം.
എന്നാൽ, 2030-ഓടെ കാർബൺ പുറന്തള്ളൽ 90% കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുറമുഖ അതോറിറ്റി വ്യക്തമാക്കി. ഇതിനായി ഹൈഡ്രജൻ ഹബ്ബ് വികസിപ്പിക്കാനും, കപ്പലുകൾക്കായി 'ഓൺഷോർ പവർ' ഒരുക്കാനും, അന്തരീക്ഷത്തിലെ കാർബൺ ശേഖരിച്ച് കടലിൽ നിക്ഷേപിക്കുന്ന കാർബൺ ക്യാപ്‌ചർ പദ്ധതികൾ നടപ്പിലാക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
അതേസമയം, പരിസ്ഥിതി നിയമങ്ങൾ അമിതമായി കർശനമാക്കിയാൽ വൻകിട ആഗോള കമ്പനികൾ പ്രവർത്തനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയേക്കുമെന്ന് അതോറിറ്റി ആശങ്കപ്പെടുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോസിൽ ഇന്ധന അനുകൂല നയങ്ങൾ, വ്യവസായങ്ങൾ അമേരിക്കയിലേക്ക് ആകർഷിക്കാൻ കാരണമായേക്കുമെന്നും ഇത് റോട്ടർഡാമിന്റെ വരുമാനത്തെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.










0 comments