മൈതാനത്ത് യമാൽ, ഗാലറിയിൽ അനിയൻ കെയ്ൻ; ലോകകപ്പ് ക്വാർട്ടറിൽ ആരാധകരുടെ ഹൃദയം കവർന്ന് കുട്ടിത്താരം

Photo Credit:AFP Video grab
ലോസ് ആഞ്ചലസ്: ബെൽജിയത്തിനെതിരായ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 2-1 ന് വിജയിച്ച് സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറിയപ്പോൾ, ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ യുവതാരം ലാമിൻ യമാലിലായിരുന്നു.
എന്നാൽ, മൈതാനത്തെ ആവേശങ്ങൾക്കപ്പുറം ഗാലറിയിൽ നിന്ന് ആരാധകരുടെ ഹൃദയം കവർന്നത് യമാലിന്റെ മൂന്ന് വയസുകാരനായ അനിയൻ കെയ്ൻ ആണ്.
സോഫി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിനിടെ, ടെലിവിഷൻ ക്യാമറകൾ പലതവണ ഗാലറിയിലുണ്ടായിരുന്ന കെയ്നിലേക്ക് തിരിഞ്ഞു.
യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനെ ആവേശത്തോടെ കൈവീശി പ്രോത്സാഹിപ്പിക്കുന്ന ഈ കുരുന്നിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ക്യാമറ തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ നാക്ക് നീട്ടി കുസൃതി കാണിക്കുന്ന കെയ്ന്റെ വീഡിയോ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഈ ലോകകപ്പിൽ ഇത് ആദ്യമായല്ല കെയ്ൻ വൈറലാകുന്നത്; റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയക്കെതിരായ സ്പെയിനിന്റെ വിജയത്തിന് പിന്നാലെയും കെയ്ന്റെ ആഹ്ലാദപ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു.
2022 സെപ്റ്റംബറിൽ ജനിച്ച കെയ്ൻ, ബാഴ്സലോണ ഫോർവേഡായ ലാമിൻ യമാലിന്റെ അമ്മ ഷീല എബാനയുടെ മകനാണ്. യമാലുമായി 15 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്.
വളരെ ലളിതമായ സാഹചര്യങ്ങളിൽ ജനിച്ച് വളർന്ന്, കഠിനാധ്വാനത്തിലൂടെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയ പതിനെട്ടുകാരനായ യമാലിന്, തന്റെ അനിയൻ സന്തോഷകരമായ ഒരു കുട്ടിക്കാലം ആസ്വദിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ പ്രചോദനം.
അടുക്കളയും കിടപ്പുമുറിയും ഒരേ മുറിയിലായിരുന്ന ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു താൻ വളർന്നതെന്നും, ഇന്ന് അമ്മ സന്തോഷവതിയാണെന്നും തനിക്ക് ലഭിക്കാതെ പോയ കുട്ടിക്കാലം അനിയന് ലഭിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും യമാൽ മുൻപ് പറഞ്ഞിട്ടുണ്ട്.
ആഗോളതലത്തിൽ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും കാംപ് നൗവിലെ മത്സരങ്ങളിലും കെയ്ൻ സ്ഥിരം സാന്നിധ്യമാണ്.
മുൻപ് പാരീസിൽ നടന്ന ബാലൺ ഡി ഓർ ചടങ്ങിൽ റെഡ് കാർപെറ്റിൽ ഫുട്ബോൾ കളിച്ചും ബാഴ്സലോണയുടെ കിരീടാഘോഷങ്ങൾക്കിടെ മൈതാനത്ത് നൃത്തം ചെയ്തും കെയ്ൻ ഫോട്ടോഗ്രാഫർമാരുടെ പ്രിയങ്കരനായി മാറിയിരുന്നു.
സെമിഫൈനലിൽ ഫ്രാൻസിനെ നേരിടാൻ സ്പെയിൻ ഒരുങ്ങുമ്പോൾ, മൈതാനത്ത് യമാലും ഗാലറിയിൽ കെയ്നും തന്നെയാണ് പ്രധാന ആകർഷണം.











0 comments