'ഞങ്ങൾ വീണ്ടും ചാമ്പ്യന്മാരാകുന്നത് അവർക്ക് ഇഷ്ടമല്ല'; ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന പരിശീലകൻ

Photo Credit:FIFA
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങളിൽ മറുപടിയുമായി പരിശീലകൻ ലയണൽ സ്കലോണി.
സ്വിറ്റ്‌സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്കലോണി വിവാദങ്ങളോട് പ്രതികരിച്ചത്.
ഇത്തരം പുറത്തുനിന്നുള്ള ചർച്ചകൾ കളിക്കാരെ ബാധിക്കുന്നുണ്ടെന്നും എന്നാൽ ഇതിനെയെല്ലാം കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഇന്ധനമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീന വീണ്ടും കിരീടം നേടുന്നത് കാണാൻ ആഗ്രഹിക്കാത്ത ചിലരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സ്കലോണി പറഞ്ഞു. "ഞങ്ങൾ കഴിഞ്ഞ തവണ ലോകകപ്പ് നേടിയതുകൊണ്ട് തന്നെ ഇത്തവണ ഞങ്ങൾ ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകാം.
അത്തരം കമന്റുകളെയും വിമർശനങ്ങളെയും ഒരു പ്രതിരോധമായി ഉപയോഗിച്ച് കൂടുതൽ മികച്ച കളി പുറത്തെടുക്കാനാണ് ഞങ്ങൾ താരങ്ങളോട് ആവശ്യപ്പെടുന്നത്.
1986-ൽ അർജന്റീന കിരീടം നേടിയപ്പോഴും ഞങ്ങൾക്കനുകൂലമായി കാര്യങ്ങൾ മറിഞ്ഞു എന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു പുതിയ കാര്യമല്ല," സ്കലോണി വ്യക്തമാക്കി.
പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന 2-0 ന് പിന്നിലായ ശേഷം 3-2 ന് വിജയിച്ച മത്സരത്തിന് പിന്നാലെയാണ് ഒത്തുകളി ആരോപണം ശക്തമായത്.
ഈജിപ്ത് നേടിയ ഒരു ഗോൾ വീഡിയോ അസിസ്റ്റന്റ് റെഫറിയുടെ പരിശോധനയിലൂടെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഈജിപ്ത് ക്യാമ്പ് പരസ്യമായി രംഗത്തെത്തിയിരുന്നു.
എന്നാൽ വാർ സാങ്കേതികവിദ്യ ലോകകപ്പിന് മുൻപ് കൃത്യമായി നിശ്ചയിച്ച നിയമങ്ങൾ മാത്രമാണ് പിന്തുടരുന്നതെന്നും ഇതിൽ ആർക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും സ്കലോണി കൂട്ടിച്ചേർത്തു.
ഫേവറിറ്റ് ലിസ്റ്റിലുള്ള ആദ്യ പത്ത് റാങ്കുകാരിൽ ഒരാളെപ്പോലും നേരിടാതെയാണ് അർജന്റീന ക്വാർട്ടർ വരെയെത്തിയത് എന്നതും വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.










0 comments