ad
Deshabhimani

സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി തോമസ് ഐസക്കും പ്രകാശ് രാജും; ജൂലൈ 20ന് പാർലമെന്റ് മാർച്ച്

CJP.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 04:13 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ യുവാക്കൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയേറുന്നു.


സോഷ്യൽ മീഡിയ കൂട്ടായ്മയായി ആരംഭിച്ച് പിന്നീട് ശക്തമായ യുവജന പ്രസ്ഥാനമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ കേരള ധനമന്ത്രി തോമസ് ഐസക്, പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് എന്നിവർ സമരവേദിയിലെത്തി.


സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്കിനെ ഇരുവരും സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ത്രിപുര പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരിയും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.


കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ഏറ്റവും മനോഹരവും ശക്തവുമായ പ്രതിഷേധമാണിതെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.


ഇന്ത്യയിലെ യുവതലമുറയ്ക്കൊപ്പം താൻ ഉറച്ചുനിൽക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ താനും പങ്കാളിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


ഒരു കേന്ദ്രീകൃത സംഘടനാരൂപം പോലുമില്ലാതെ ഈ സമരം 21 ദിവസം പിന്നിട്ടത് യുവാക്കളുടെ അമർഷത്തിന്റെ തെളിവാണെന്ന് തോമസ് ഐസക് പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അധികാരികൾ 'തീവ്രവാദികൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചു.


എന്നാൽ ഈ 'തീവ്രവാദികൾ' എന്താണ് ചെയ്യുന്നതെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് താൻ ഇവിടെ വന്നതെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനെ പരിഹസിച്ചുകൊണ്ട് വ്യക്തമാക്കി.


സർക്കാരിന്റെ ഈ നിസ്സംഗത തുടരുന്ന സാഹചര്യത്തിലാണ്, സമരം ഒരു മാസം പൂർത്തിയാകുന്ന ജൂലൈ 20-ന് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ കോക്രോച്ച് ജനതാ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പരീക്ഷാ സുതാര്യത ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home