ട്വന്റി 20 മത്സരത്തിൽ ഇരട്ട സെഞ്ച്വറി; 23 സിക്സറുകൾ, അവിശ്വസനീയ ഇന്നിങ്സുമായി ക്ലബ്ബ് ക്രിക്കറ്റർ

Photo Credit:Wisden Cricket
ലണ്ടൻ: ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഇരട്ട സെഞ്ച്വറി എന്നത് പ്രൊഫഷണൽ താരങ്ങൾക്ക് പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്.
എന്നാൽ വിദേശത്തെ ഒരു പ്രാദേശിക 20 ഓവർ മത്സരത്തിൽ വെറും 54 പന്തിൽ നിന്ന് ഇരട്ട സെഞ്ച്വറി അടിച്ചുകൂട്ടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇരുപത്തിനാലുകാരനായ ഇവാൻ ഗെഗ്.
ചെൽട്ടൻഹാം പ്രീമിയർ ട്വന്റി 20 ടൂർണമെന്റിൽ ഡംബിൾട്ടൺ സിസി യ്ക്ക് വേണ്ടിയാണ് ഈ വലംകൈയൻ ഓപ്പണർ അവിശ്വസനീയ ബാറ്റിങ് പുറത്തെടുത്തത്.
മത്സരത്തിൽ 55 പന്തുകൾ നേരിട്ട ഗെഗ് 23 സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 206 റൺസെടുത്ത് പുറത്താകാതെ നിന്നു. 374.55 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം.
ഗെഗിന്റെ ഇരട്ട സെഞ്ച്വറിക്കൊപ്പം മൂന്നാമനായി ഇറങ്ങിയ ഡാൻ ഹോളണ്ട് 37 പന്തിൽ 122 റൺസും, ഓപ്പണർ തോമസ് കെല്ലി 25 പന്തിൽ 64 റൺസും അടിച്ചുകൂട്ടിയതോടെ നിശ്ചിത 20 ഓവറിൽ ഡംബിൾട്ടൺ സിസി അടിച്ചെടുത്തത് 2 വിക്കറ്റ് നഷ്ടത്തിൽ 417 റൺസെന്ന വന്യമായ സ്കോറാണ്
എതിരാളികളുടെ ഗ്രൗണ്ട്സ്മാൻ
ഈ മാസ്മരിക ഇന്നിങ്സിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗെഗ് തല്ലിത്തകർത്ത എതിർ ടീമായ ഹാതർലി ആൻഡ് റെഡ്ഡിങ്സ് സിസി യുടെ ഔദ്യോഗിക പിച്ചുകൾ ഒരുക്കുന്ന ഗ്രൗണ്ട്സ്മാൻ കൂടിയാണ് അദ്ദേഹം. താൻ തന്നെ വെള്ളമൊഴിച്ച്, മാർക്ക് ചെയ്ത് പരുവപ്പെടുത്തിയ പിച്ചിലാണ് താരം എതിർ ബൗളർമാരുടെ ഉറക്കം കെടുത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഹാതർലി ടീം 18 ഓവറിൽ 225 റൺസിന് ഓൾഔട്ടായി. അതുവരെ മത്സരത്തിൽ ബൗൾ ചെയ്യാതിരുന്ന ഇവാൻ ഗെഗ് 18-ാം ഓവർ എറിയാൻ എത്തുകയും, എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി മത്സരം അവസാനിപ്പിക്കുകയും ചെയ്തു.
"എല്ലാ പന്തും സിക്സറിന് പറത്താനാണ് ഞാൻ ശ്രമിച്ചത്. 100 കടന്നപ്പോഴാണ് ഇരട്ട സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചത്. ജീവിതത്തിൽ ഇനി ഒരിക്കലും ഇങ്ങനെയൊരു ഇന്നിങ്സ് ആവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല," മത്സരശേഷം ഇവാൻ ഗെഗ് വിസ്ഡനോട് പറഞ്ഞു.











0 comments