ബംഗളൂരുവിൽ വൻ ലഹരിവേട്ട; 60 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; എട്ട് പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ബംഗളൂരു : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകർത്ത് എട്ട് പേരെ അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ അഞ്ച് പേർ വിദേശ പൗരന്മാരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 60.86 കോടി രൂപ വിപണി വിലവരുന്ന നിരോധിത മയക്കുമരുന്നും പിടിച്ചെടുത്തു. 29 കിലോ എംഡിഎംഎ, 20 ഗ്രാം കൊക്കെയ്ൻ, 1,000 എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഹെബ്ബാൽ പൊലീസ് സ്റ്റേഷൻ, സിസിബി മയക്കുമരുന്ന് വിരുദ്ധ വിഭാഗം, ഗിരിനഗർ പൊലീസ് സ്റ്റേഷൻ എന്നിവ ചേർന്നാണ് എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15 ദിവസത്തിനിടെ ഹെബ്ബാൽ പൊലീസ് ലഹരി വിരുദ്ധ ഓപ്പറേഷനായി അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ന്യൂഡൽഹിയിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരൻ, ബംഗളൂരുവിൽ താമസിക്കുന്ന മണിപ്പൂരി സ്വദേശിനി, രണ്ട് ബംഗളൂരു സ്വദേശികൾ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം നിന്ന് 17.282 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, ഇതിന് ഏകദേശം 34.56 കോടി രൂപ വിപണി വിലവരും.
മറ്റൊരു പ്രത്യേക ഓപ്പറേഷനിൽ, സിസിബി ആന്റി-നാർക്കോട്ടിക്സ് വിഭാഗം മൂന്ന് എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് നൈജീരിയക്കാരും ഒരു ദക്ഷിണാഫ്രിക്കക്കാരനും ഉൾപ്പെടെ മൂന്ന് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് 6.718 കിലോഗ്രാം എംഡിഎംഎയും 20 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് ഏകദേശം 14.30 കോടി രൂപ വിലവരും.
ഡൽഹി ആസ്ഥാനമായുള്ള വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നും ബംഗളൂരുവിലെ പ്രാദേശിക കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മൂന്നാമത്തെ കേസിൽ, സ്റ്റേഷൻ പരിധിയിൽ നിരോധിത മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗിരിനഗർ പൊലീസ് 10 ദിവസമായി നടത്തിയ ഓപ്പറേഷനിൽ ഒരു നൈജീരിയൻ പൗരൻ കൂടി പിടിയിലായി, ഇയാളിൽ നിന്ന് 12 കോടി രൂപ വിലമതിക്കുന്ന 5 കിലോ എംഡിഎംഎയും 1,000 എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു.
2026ൽ ഇതുവരെ ബംഗളൂരു നഗരത്തിൽ 2,936 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 37 വിദേശ പൗരന്മാർ ഉൾപ്പെടെ 3,840 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കാലയളവിൽ, 221.27 കോടി രൂപ വിലമതിക്കുന്ന 1,415.274 കിലോഗ്രാം മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു.










0 comments