കുവൈത്തിൽ പ്രവാസികളുടെ എണ്ണം ഉയരുന്നു; റെസിഡൻസി നിയമലംഘകർ കുറഞ്ഞു.

പ്രതീകാത്മകചിത്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെ, റെസിഡൻസി നിയമലംഘകരുടെ ആകെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തുവിട്ട 2025-ലെ കുടിയേറ്റ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പുതുതായി രേഖപ്പെടുത്തിയ നിയമലംഘനങ്ങൾ വർധിച്ചെങ്കിലും നിയമലംഘകരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും താമസരേഖകൾ ക്രമപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് ആകെ എണ്ണം കുറഞ്ഞതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2025-ൽ പുതുതായി 11,700 റെസിഡൻസി നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 2024-ൽ ഇത് 10,700 ആയിരുന്നു. എന്നാൽ ആകെ റെസിഡൻസി നിയമലംഘകരുടെ എണ്ണം 81,500-ൽ നിന്ന് 80,800 ആയി കുറഞ്ഞു. അതേസമയം, രാജ്യത്തെ സാധുവായ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 1.42 ലക്ഷം അധിക താമസാനുമതികളാണ് അനുവദിക്കപ്പെട്ടത്. ഇതോടെ സാധുവായ റെസിഡൻസികളുടെ എണ്ണത്തിൽ 4.7 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.
റദ്ദാക്കിയ റെസിഡൻസി പെർമിറ്റുകളുടെ എണ്ണവും കുറഞ്ഞു. 2024-ൽ 49,700 ആയിരുന്നത് 2025-ൽ 47,200 ആയി ചുരുങ്ങി. ഇത് അഞ്ച് ശതമാനം കുറവാണ്. സാധുവായ താമസാനുമതികളിൽ ആർട്ടിക്കിൾ 18 പ്രകാരമുള്ള സ്വകാര്യ മേഖല തൊഴിൽ വിസകളാണ് ഏറ്റവും വലിയ വിഭാഗം. 16.6 ലക്ഷം പെർമിറ്റുകളുമായി ആകെ റെസിഡൻസികളുടെ 52.6 ശതമാനവും ഈ വിഭാഗത്തിന്റേതാണ്. തുടർന്ന് ആർട്ടിക്കിൾ 20 പ്രകാരമുള്ള ഗാർഹിക തൊഴിലാളികളുടെ 7.73 ലക്ഷം പെർമിറ്റുകളും ആർട്ടിക്കിൾ 22 പ്രകാരമുള്ള കുടുംബ വിസകളുടെ 5.66 ലക്ഷം പെർമിറ്റുകളും രേഖപ്പെടുത്തി. 2025-ൽ പുതുതായി കണ്ടെത്തിയ റെസിഡൻസി നിയമലംഘനങ്ങളിൽ 61.6 ശതമാനവും അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണെന്നും സിഎസ്ബി റിപ്പോർട്ടിൽ പറയുന്നു.
വിഭാഗാടിസ്ഥാനത്തിൽ ആർട്ടിക്കിൾ 18 പ്രകാരമുള്ള സ്വകാര്യ മേഖല തൊഴിൽ വിസയുള്ളവർക്കെതിരെയാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ വിഭാഗത്തിൽ 4,300 കേസുകൾ രേഖപ്പെടുത്തി. തുടർന്ന് ആർട്ടിക്കിൾ 14 പ്രകാരമുള്ള താൽക്കാലിക റെസിഡൻസിയിലുള്ളവരിൽ 4,100 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികളുടെയും കുടുംബ വിസയിലുള്ളവരുടെയും നിയമലംഘനങ്ങൾ താരതമ്യേന കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










0 comments