ad
Deshabhimani

പ്രതിരോധം ശക്തമാക്കി റഷ്യ: ഉക്രെയ്നിൽ രണ്ട് മരണം, 19 പേർക്ക് പരിക്ക്

russia

റഷ്യ ഉക്രെയ്നിൽ നടത്തിയ ആക്രമണം |Photo:Reuters

വെബ് ഡെസ്ക്

Published on Jul 11, 2026, 04:41 PM | 1 min read

കീവ് : ശനിയാഴ്ച ഉക്രെയ്നിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധ സാമഗ്രികളുടെ ദൗർലഭ്യം നേരിടുന്ന ഉക്രെയ്ൻ തലസ്ഥാനമായ കീവിലടക്കം വൻ നാശനഷ്ടമാണ് ഉണ്ടായത്. കീവ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ റഷ്യൻ മിസൈലുകൾ ജനവാസ മേഖലകളിൽ പതിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി.


റഷ്യ ആറ് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂസ് മിസൈലുകളും 121 ഡ്രോണുകളുമാണ് ഉക്രെയ്ന് നേരെ പ്രയോഗിച്ചത്. ഇതിൽ രണ്ട് ക്രൂസ് മിസൈലുകളും 111 ഡ്രോണുകളും വെടിവെച്ചിട്ടതായി ഉക്രെയ്ൻ വ്യോമസേന അറിയിച്ചു. എന്നാൽ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ഉക്രെയ്ന് സാധിച്ചില്ല. പിന്നീട് തുറമുഖ നഗരമായ ഒഡേസയിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒടുവിൽ ഖാർകീവിലെ ഒരു സ്ഥാപനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


അമേരിക്കൻ നിർമിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിനായുള്ള വെടിക്കോപ്പുകളുടെ കടുത്ത ദൗർലഭ്യം ഉക്രെയ്ൻ നേരിടുന്നുണ്ട്. സ്വന്തമായി പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ നിർമിക്കുന്നതിനുള്ള ലൈസൻസ് ഉക്രെയ്ന് നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ പദ്ധതികൾ വേഗത്തിലാക്കാൻ സെലൻസ്കി ആഹ്വാനം ചെയ്തത്.


അതേസമയം, റഷ്യയുടെ സൈനിക വിതരണ ശൃംഖല തകർക്കാനുള്ള തിരിച്ചടിയും ഉക്രെയ്ൻ ശക്തമാക്കിയിട്ടുണ്ട്. അസോവ് കടലിൽ റഷ്യയുടെ 21 ഇന്ധന ടാങ്കർ കപ്പലുകളും മറ്റ് ഏഴ് ചരക്കുകപ്പലുകളും ഉക്രെയ്ൻ ഡ്രോൺ സേന തകർത്തതായി ഉക്രെയ്ൻ ഡ്രോൺ വിഭാഗം മേധാവി റോബർട്ട് ബ്രോവ്ഡി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home