ad
Deshabhimani

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

vietnam indian boat
വെബ് ഡെസ്ക്

Published on Jul 11, 2026, 03:32 PM | 1 min read

ന്യൂഡൽഹി: വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരിൽ ഇന്ത്യൻ വിനോദസഞ്ചാരികളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. എന്നാൽ മരണവിവരം ഇന്ത്യൻ എംബസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


വിയറ്റ്നാമീസ് വാർത്താ പോർട്ടലായ വി എൻ എക്സ്പ്രസ് ഇന്റർനാഷണലാണ് മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമായി പോയ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഹോൺ മെയ് റൂട്ട് മേഖലയിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകുന്നതിനിടെ ഹോൺ മെയ് റൂട്ട് ങോയ് ഭാഗത്ത് നിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് വീണു.


അപകടത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തി. തുടർന്ന് അതിർത്തി സേന, നാവികസേന, തീരസംരക്ഷണ സേന ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തിരച്ചിലും രക്ഷാപ്രവർത്തനവും ഏറ്റെടുത്തു.


അപകടത്തിന്റെതെന്ന പേരിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനുചുറ്റും സ്പീഡ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതായി കാണാം.


പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. “വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ ദാരുണ സംഭവമുണ്ടായി. കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രാദേശിക അധികൃതരുടെ രക്ഷാപ്രവർത്തനം തുടരുകയാണ്,” എംബസി അറിയിച്ചു.



അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായത്തിനുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഹാനോയിയിലെ ഇന്ത്യൻ എംബസിയിലുമാണ് ഹെൽപ്‍ലൈനുകള്‍ സജ്ജമാക്കിയത്.


ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം നമ്പറുകൾ: 84-36-281-7930, 84-91-552-3714, 84-33-452-0414.


ഹാനോയി എംബസി കൺട്രോൾ റൂം നമ്പർ: 84-91-308-9165.


സഹായത്തിനും വിവരങ്ങൾക്കുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home