'ബാവി' ചുഴലിക്കാറ്റ്: ജപ്പാനിൽ ശക്തമായ കാറ്റും മഴയും; ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം

'ബാവി' ചുഴലിക്കാറ്റ് മൂലം ജപ്പാനിലുണ്ടായ കടലാക്രമണം
ടോക്കിയോ/മനില: കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച് 'ബാവി' ചുഴലിക്കാറ്റ് ശക്തമാകുന്നു. ജപ്പാന്റെ തെക്കൻ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിൽ 15 പേർ മരണപ്പെട്ടു.
തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. പതിറ്റാണ്ടുകൾക്കിടയിൽ മേഖല ദർശിക്കുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റുകളിൽ ഒന്നാണ് 'ബാവി'. ഫിലിപ്പീൻസിലെ തെക്കൻ ദ്വീപായ മിൻഡനാവോയിലാണ് കനത്ത നാശനഷ്ടമുണ്ടായത്.
ഇവിടെയുണ്ടായ രണ്ട് വലിയ ഉരുൾപൊട്ടലുകളിലാണ് 15 പേർക്ക് ജീവൻ നഷ്ടമായത്. ആറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവിടെ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ ഉൾപ്പെടുന്ന ഇഷിഗാക്കി ദ്വീപുകളിൽ മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. കാറ്റിന്റെ വേഗത ചിലയിടങ്ങളിൽ 198 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മഴയെത്തുടർന്ന് വിമാന-ഫെറി സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, ചുഴലിക്കാറ്റ് വടക്കൻ മേഖലയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ തായ്‌വാൻ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
മലയോര മേഖലകളിൽ താമസിക്കുന്ന പതിനാലായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നൂറിലധികം ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകളാണ് തായ്‌വാൻ റദ്ദാക്കിയത്.
ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് ചൈനയിലെ വെൻഷൂ നഗരത്തിൽ തീരം തൊടുമെന്നാണ് പ്രവചനം. ചൈനീസ് തീരപ്രദേശങ്ങളിലും കനത്ത മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.










0 comments