ad
Deshabhimani

ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരും, വെടിനിർത്തൽ കരാർ അവസാനിച്ചു; ട്രംപ്

mojtaba trump
വെബ് ഡെസ്ക്

Published on Jul 11, 2026, 03:36 PM | 2 min read

തെഹ്‌റാൻ : പപശ്ചിമേഷ്യയിൽ ഇരുപക്ഷവും തമ്മിൽ സൈനിക സംഘർഷങ്ങൾ രൂക്ഷമായതിന് പിന്നാലെ ചർച്ചകളുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാൽ കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ഏകപക്ഷീയമായി പറയുകയും ചെയ്തു. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ട്രംപിന് രാഷ്ട്രീയമായി ഏറെ നിർണായകമായ ഒന്നാണ് ആഭ്യന്തര വിപണിയിലെ എണ്ണവില വർധനവ്. അതിനാൽ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇറാൻ അവസാനിപ്പിക്കണമെന്ന ആവശ്യം അമേരിക്ക ശക്തമാക്കി.


ഹോർമുസിൽ സൗദി, ഖത്തർ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. അതിന് മറുപടിയായി യുഎസ് ഇറാനിലും ഇറാൻ തിരിച്ച് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലും ആക്രമണം നടത്തുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ നിഴലിലായത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തോടെ ആരംഭിച്ച ഈ അധിനിവേശ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ മധ്യസ്ഥരാജ്യങ്ങൾ ഇപ്പോഴും തുടർന്നുപോരുന്നുണ്ട്.


ചർച്ചകൾ തുടരാൻ ഇറാൻ തങ്ങളോട് അഭ്യർത്ഥിച്ചുവെന്നും എന്നാൽ വെടിനിർത്തൽ കരാർ അവസാനിച്ചതായി അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് അവകാശപ്പെട്ടിരിക്കുകയാണ് ട്രംപ്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഈ വ്യാഖ്യാനത്തെ ഇറാൻ തള്ളിപ്പറഞ്ഞു. അമേരിക്കയോട് നേരിട്ട് യാതൊരുവിധ ചർച്ചയും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ മേഖലയിലെ ഒത്തുതീർപ്പ് ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള മധ്യസ്ഥതക്ക് സമ്മതിച്ചിട്ടുണ്ടെന്നുമാണ് ഇറാൻ ഔദ്യോഗിക ടെലിവിഷൻ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ഖത്തർ പ്രതിനിധികൾ വെള്ളിയാഴ്ച തന്നെ ഇറാനിലെ ഉദ്യോഗസ്ഥരുമായി നിർണായക കൂടിക്കാഴ്ച നടത്തി.


ഇതിനിടയിൽ തനിക്കെതിരെ ഇറാൻ വധശ്രമം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന ഇസ്രയേലിന്റെ വ്യാജ രഹസ്യാന്വേഷണ വിവരങ്ങൾ മുൻനിർത്തി ട്രംപ് പുതിയ യുദ്ധഭീഷണി ഉയർത്തിയിട്ടുണ്ട്. തനിക്കെതിരെ വധശ്രമം ഉണ്ടായാൽ ഇറാന്റെ എല്ലാ ഭാഗങ്ങളും പൂർണമായി തകർക്കാൻ യുഎസ് സൈന്യത്തിന് ഒരു വർഷത്തേക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ച യുദ്ധത്തിന്റെ ആദ്യദിനം അമേരിക്കൻ സഖ്യം വധിച്ച മുൻ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ ഒത്തുകൂടിയ ജനലക്ഷങ്ങൾ സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയതാണ് വാഷിംഗ്ടണിനെ ഭയപ്പെടുത്തുന്നത്.


ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇറാനിലെ ആറ് നഗരങ്ങളിലായി അമേരിക്ക നടത്തിയ ക്രൂരമായ ബോംബാക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക കരാർ പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നെങ്കിലും ഗൾഫ് മേഖലയിൽ അമേരിക്ക അഴിച്ചുവിട്ട പുതിയ പോരാട്ടങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കഴിഞ്ഞ എട്ട് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ച് സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്.


ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിൽ എത്തിയിട്ടുണ്ട്. യുദ്ധത്തിന് മുൻപ് ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്തിരുന്ന ഈ സുപ്രധാന ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ യാതൊരുവിധ തടസങ്ങളോ നികുതികളോ ഏർപ്പെടുത്തരുതെന്നും ആക്രമണങ്ങൾ പൂർണമായി നിർത്തണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home