യുഎസ് - ഇറാൻ സംഘർഷം: ആഗോള എണ്ണ ആവശ്യകതയിൽ വൻ ഇടിവ്

Photo: Unsplash
ലണ്ടൻ : യുഎസ് - ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ഈ വർഷം ആഗോള എണ്ണ ആവശ്യകതയിൽ വലിയ ഇടിവ് രേഖപ്പെടുത്തുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. 2026ൽ ആഗോള എണ്ണ ആവശ്യകത പ്രതിദിനം ഒരു മില്യൺ ബാരൽ എന്ന തോതിൽ കുറയുമെന്നാണ് ഏജൻസി കണക്കാക്കുന്നത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗത തടസങ്ങളുമാണ് ഇതിന് പ്രധാന കാരണം. സംഘർഷത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും, കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിരവധി എണ്ണക്കപ്പലുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയുമാണ്.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മേയ് മാസത്തിലെ ആഗോള എണ്ണ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് പ്രതിദിനം 5.3 മില്യൺ ബാരൽ കുറഞ്ഞ് ശരാശരി 97.9 മില്യൺ ബാരലായി താഴ്ന്നു. മിഡിൽ ഈസ്റ്റ് ക്രൂഡ് ഓയിലിനെ പ്രധാനമായും ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളിലാണ് ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചത്. ചൈനയിൽ മാത്രം എണ്ണ ആവശ്യകതയിൽ 9 ശതമാനത്തിന്റെ (പ്രതിദിനം 1.5 മില്യൺ ബാരൽ) കുറവുണ്ടായി. എന്നാൽ ഇതിന് വിപരീതമായി, ഇന്ധനവില യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ 50 ശതമാനത്തോളം വർധിച്ചിട്ടും അമേരിക്കയിൽ രണ്ടാം പാദത്തിൽ പെട്രോൾ ഉപഭോഗം വർധിച്ചു.
ഹോർമുസ് കടലിടുക്ക് നിലവിൽ അടച്ചതോടെ പ്രതിദിനം 14 മില്യൺ ബാരൽ ക്രൂഡ് ഓയിലിന്റെ നീക്കമാണ് തടസപ്പെട്ടിരിക്കുന്നത്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന തരത്തിൽ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി. ഒപെക് ഇതര രാജ്യങ്ങൾ ഉത്പാദനം കൂട്ടുന്നുണ്ടെങ്കിലും വിപണിയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള സംഘർഷം ഇനിയും രൂക്ഷമായാൽ അത് ആഗോള ക്രൂഡ് ഓയിൽ വിതരണത്തെയും ഇന്ധനവിലയെയും ദോഷകരമായി ബാധിക്കുമെന്നും ഐഇഎ മുന്നറിയിപ്പ് നൽകുന്നു.










0 comments