ad
Deshabhimani

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’; നിലപാടിൽ മലക്കംമറിഞ്ഞ് ജി സുധാകരൻ

G Sudhakaran dyfi hridayapoorvam
വെബ് ഡെസ്ക്

Published on Jul 11, 2026, 02:55 PM | 1 min read

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഭക്ഷണവിതരണത്തെ അപഹസിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ നിലപാടിൽ മലക്കംമറിഞ്ഞ് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ഭക്ഷണം മെഡിക്കൽ കോളേജുകൾക്ക് പുറത്തു കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ലെന്നുമാണ് പുതിയ വാദം.


കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പരിപാടിയിലായിരുന്നു മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ സൗജന്യമായി നൽകുന്ന ഭക്ഷണവിതരണത്തെ സുധാകരൻ ആക്ഷേപിച്ചത്. അത്തരം പ്രവർത്തനങ്ങൾക്ക് ഒരു സംഘടനകൾക്കും അനുമതി നൽകരുതെന്നും സുധാകരൻ പറഞ്ഞു. ഇതിനെതിെര വ്യാപക പ്രതിഷേധമാണ് ഉയർന്നത്.


അതേസമയം സംസ്ഥാനത്തെമ്പാടും മെഡിക്കൽ കോളേജുകളിൽ 'ഹൃദയപൂർവം' എന്ന പേരിൽ ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണവിതരണത്തിൽ സുധാകരൻ പങ്കാളിയായതിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പും വലിയ ചർച്ചയാവുകയും ചെയ്തു.


വണ്ടാനം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം 500 ദിവസം പിന്നിട്ടപ്പോഴും ആയിരം ദിവസം പിന്നിട്ടപ്പോഴുമെല്ലാം സുധാകരൻ ഫേസ്ബുക്ക് പേജിൽ ചിത്രം സഹിതം പോസ്റ്റ് ഇട്ടിരുന്നു. മനുഷ്യത്വപരമായതും മഹത്തായതുമായ പദ്ധതി എന്നാണ് അന്നൊക്കെ സുധാകരൻ പ്രതികരിച്ചത്. ഡിവൈഎഫ്ഐയെ അഭിനന്ദിക്കുകയും ചെയ്തു. സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ബഹുഭൂരിപക്ഷം രോഗികൾക്കും അവരുടെ ആശ്രിതർക്കും കൃത്യമായി ഭക്ഷണംപോലും കഴിക്കാനാകാറില്ലെന്നും, അവർക്ക് കൈതാങ്ങാണ് ഡിവൈഎഫ്ഐയുടെ പദ്ധതിയെന്നുമായിരുന്നു അന്ന് സുധാകരന്റെ അഭിപ്രായം.


എന്നാൽ ആ നിലപാടിന് നേരെ വിപരീതമായാണ് കഴിഞ്ഞദിവസം സുധാകരൻ പ്രസം​ഗിച്ചത്. കൊടിയുംവെച്ച് ഒരോരുത്തർ ചോറ് കൊടുക്കുകയാണെന്നും അതെല്ലാം നീക്കം ചെയ്യണമെന്നുമായിരുന്നു സുധാകരന്റെ പ്രസം​ഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home