ഇന്ദ്രജിത് മൊണ്ടാലിന്റേത് ആൾക്കൂട്ടക്കൊലയെന്ന് പറയാന്‍ പറ്റില്ല; സുവേന്ദു അധികാരി

കൊൽക്കത്ത: ബറൂയിപൂരിൽ ഇന്ദ്രജിത് മൊണ്ടാലിനെ കൊലപ്പെടുത്തിയ സംഭവത്തെ ആൾക്കൂട്ടക്കൊലയെന്ന് വിളിക്കാനാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. 12കാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടാലിനെ ആൾക്കൂട്ടം മർദിച്ച് കൊന്നത്. ഇന്ദ്രജിത് മൊണ്ടാൽ നിരപരാധിയെന്ന റിപ്പോർട്ടുകൾ പിന്നീട് വന്നിരുന്നു.
ഇന്ദ്രജിത് മൊണ്ടലിന്റെ വിവരങ്ങൾ തിരിച്ചറിഞ്ഞ ശേഷമാണ് കൊല നടന്നതെന്നും അതിനാൽ അതിനെ ആൾക്കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ബംഗാളിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഇന്ദ്രജിത്തിന്റെ കൊലക്ക് പിന്നിലെന്നും സുവേന്ദു അധികാരി ആരോപിച്ചു. വോട്ടർമാർ തള്ളിക്കളഞ്ഞ ചില രാഷ്ട്രീയ വ്യക്തികളോ തീവ്രശക്തികളോ അക്രമത്തിന് പിന്നിലുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ജൂലൈ നാലുമുതൽ കാണാതായിരുന്ന 12കാരിയുടെ മൃതദേഹം അടുത്ത ദിവസം സൂര്യപുര്‍ ഹാട്ട് മേഖലയിൽ കുളത്തിൽ ചാക്കിൽ നിറച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ബറൂയിപൂരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നാട്ടുകാർ റോഡ് ഉപരോധിക്കുകയും ടയർ കത്തിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു.
മൃതശരീരം കണ്ടെത്തിയതിന് മണിക്കൂറുകൾക്കുള്ളിൽ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ ഇന്ദ്രജിത് മൊണ്ടാലിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ബലാത്സംഗ–കൊലപാതക കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ പ്രതികളിലൊരാളായ പ്രഭാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുപറിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വാദം.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളിലും പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ 35ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.











0 comments