സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെ ദുരന്തം; ബഹാമാസിൽ ചെറുവിമാനം തകർന്നുവീണ് 10 മരണം

video screenshot
സാൻ ജുവാൻ : കരീബിയൻ ദ്വീപരാജ്യമായ ബഹാമാസിൽ ചെറുവിമാനം തകർന്നുവീണ് പത്തുപേർ മരിച്ചു. ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ നസ്സാവുവിലെ നോർത്ത് ആൻഡ്രോസിലാണ് അപകടമുണ്ടായത്. ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. നസ്സാവുവിലെ സാൻ ആൻഡ്രോസ് വിമാനത്താവളത്തിനടുത്തുള്ള ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. യാത്രയ്ക്കിടെ പ്രശ്നങ്ങൾ നേരിട്ട വിമാനം ലാൻഡിങ്ങിനിടെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റി പറഞ്ഞു.
ബഹാമാസിന്റെ 53-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് മാരകമായ അപകടമുണ്ടായത്. ബഹാമിയൻ പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബഹാമാസ് ആസ്ഥാനമായുള്ള എയർലൈൻ ആയ ഫ്ലമിംഗോ എയറിന്റെ സെസ്ന 402 വിമാനമാണ് തകർന്നത്. മുൻകരുതൽ സുരക്ഷാ നടപടിയെന്ന നിലയിൽ എയർലൈനിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തുടർന്ന് ഫ്ലമിംഗോ എയർ വിമാനങ്ങൾ മറ്റു സർവീസുകളെല്ലാം നിർത്തിവച്ചു.
കഴിഞ്ഞ ദിവസവും ഫ്ലമിംഗോ എയർ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. മായാഗ്വാനയിലേക്കുള്ള പറന്നുയർന്ന വിമാനത്തിൽ പൈലറ്റ് തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനം നസ്സാവുവിൽ എമർജൻസി ലാൻഡിങ് നടത്തി. വിമാനം ലാൻഡ് ചെയ്യുകയും യാത്രക്കാർ ഇറങ്ങുകയും ചെയ്തയുടനെ വിമാനത്തിൽ തീ പടർന്നതായി വ്യോമയാന മന്ത്രി ജോബെത്ത് കോൾബി-ഡേവിസ് പറഞ്ഞു. ഇരു സംഭവങ്ങളും വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.











0 comments