വിതരണം ചെയ്യുന്നത് കാലാവധി കഴിഞ്ഞതും ചീഞ്ഞതുമായ ഭക്ഷണം; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് നോട്ടീസ് അയച്ച് എസ്എസ്എഐ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ.
ഉപഭോക്താക്കളുടെ വ്യാപകമായ പരാതികളെ തുടർന്ന് 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം സ്വിഗ്ഗിക്ക് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകൾ അയച്ചു. സംഭവത്തിൽ കൃത്യമായ വിശദീകരണവും കംപ്ലയൻസ് റിപ്പോർട്ടും സമർപ്പിക്കാൻ സ്വിഗ്ഗിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വീഴ്ച വരുത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞതും, ചീഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലൂടെ വിതരണം ചെയ്യുന്നു എന്നായിരുന്നു ഉപഭോക്താക്കളുടെ പ്രധാന പരാതികൾ.
നിലവിലുള്ള എഫ്എസ്എസ്എഐ ലൈസൻസിൽ അംഗീകരിച്ചിട്ടില്ലാത്ത ബ്രാൻഡ് നാമത്തിലാണ് 'നോസ്' മുട്ടകൾ വിപണിയിലെത്തിച്ചത്. കൃത്യമായ ലൈസൻസ് ഭേദഗതി വരുത്താതെ ഈ ഉൽപ്പന്നം വിൽക്കരുതെന്ന് അധികൃതർ നിർദേശിച്ചു.
ഹെൽത്തിഫൈ 100% വേ പ്രോട്ടീൻ 1 കിലോഗ്രാം', 'നോയിസ് ഹോംസ്റ്റൈൽ മദ്രാസ് മിക്സ്ചർ' എന്നിവ കാലാവധി കഴിഞ്ഞിട്ടും വിതരണം ചെയ്തതായി കണ്ടെത്തി. കാലാവധി കഴിഞ്ഞതും, കടുത്ത ദുർഗന്ധം വമിക്കുന്നതുമായ ചീഞ്ഞ മുട്ടകളാണ് വിതരണം ചെയ്തത്.
ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു തിരുത്തൽ നടപടിയും ഉണ്ടായില്ല. പരാതികൾക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകൾ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, ഇൻവെന്ററി മാനേജ്‌മെന്റ്, സ്റ്റോക്ക് റൊട്ടേഷൻ, സ്റ്റോറേജ് സംവിധാനങ്ങൾ, ശുചിത്വം എന്നിവ ഉറപ്പാക്കാൻ നിലവിൽ സ്വീകരിച്ചിട്ടുള്ള ആഭ്യന്തര നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി നൽകണം.











0 comments