മുംബൈയിൽ പ്രളയജലത്തിൽ ചായപാത്രങ്ങൾ കഴുകി വഴിയോര ചായക്കച്ചവടക്കാരൻ

പ്രളയജലത്തില്‍ ചായപാത്രങ്ങള്‍ കഴുകുന്നു
മുംബൈ: കനത്ത മഴയെ തുടർന്ന് ഒഴുകി വന്ന പ്രളയജലത്തിൽ ചായപ്പാത്രങ്ങൾ കഴുകുന്ന വഴിയോര ചായക്കച്ചവടക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മുംബൈയിലെ നാലാസോപാര റെയിൽവെ സ്റ്റേഷൻ സമീപത്തു നിന്നുള്ളതാണ് ദൃശ്യം. തെരുവിൽ കെട്ടിക്കിടക്കുന്ന അഴുക്കും ദുർഗന്ധവുമുള്ള മഴവെള്ളത്തിൽ ചായക്കച്ചവടക്കാരൻ ചായപാത്രങ്ങൾ കഴുകി എടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നാലാസോപാര റെയിൽവെ സ്റ്റേഷന് പുറത്ത് പ്ലാറ്റ് ഫോം നമ്പർ 4 ന് തൊട്ടുമുന്നിലെ ചായക്കച്ചവടക്കാരനാണ് ഇത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാത്രങ്ങൾ കഴുകിയത്. വഴി യാത്രക്കാരനാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ജോലിക്കായി ദിവസേന മുംബൈയിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന, ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് നാലാസോപാര.
യാത്രക്കാരിൽ പലരും സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന വഴിയോരക്കടകളിൽ നിന്നും പതിവായി രാവിലെയും വൈകുന്നേരവും ചായ കുടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് അഴുക്കുവെള്ളത്തിൽ ചായപാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇത് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചു.
റെയിൽവേ ഭരണകൂടവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) കച്ചവടക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന എല്ലാ ഭക്ഷണ-പാനീയ സ്റ്റാളുകളിലും പതിവായി ശുചിത്വ പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു.











0 comments