ലോർഡ്‌സ് ടെസ്റ്റിൽ തിളങ്ങി സ്മൃതി മന്ദാന; ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ്

Photo:BCCI
ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം ലോർഡ്‌സിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 285 റൺസിന് ഓൾഔട്ട് ആയി. 108 പന്തുകളിൽ നിന്ന് 83 റൺസ് നേടിയ ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഒരു സിക്സറും 11 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.
സ്മൃതിക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരും അർധസെഞ്ച്വറിയുമായി തിളങ്ങി. 121 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ഹർമൻപ്രീത് 7 ബൗണ്ടറികൾ അടക്കം 58 റൺസ് നേടി. 87 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളോടെയാണ് ദീപ്തി ശർമ അർധസെഞ്ചുറി (50) കുറിച്ചത്. എന്നാൽ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഓപ്പണർ ഷെഫാലി വർമ നേരിട്ട നാല് പന്തുകളിൽ റൺസൊന്നും എടുക്കാനാകാതെ പുറത്തായി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്. 40 പന്തുകളിൽ നിന്ന് 17 റൺസ് നേടിയ ഓപ്പണർ ടാംസിൻ ബ്യൂമോണ്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രാന്തി ഗൗഡാണ് ബ്യൂമോണ്ടിനെ പുറത്താക്കിയത്. നിലവിൽ മായിയ ബൗച്ചിയർ, ഹീതർ നൈറ്റ് എന്നിവരാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ രണ്ടാം ദിനം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ആരംഭിക്കും.











0 comments