ഉപയോക്താക്കൾ അറിയാതെ 24 മണിക്കൂറും ദൃശ്യങ്ങൾ പകർത്തും; മെറ്റയുടെ സ്മാർട്ട് ഗ്ലാസുകളിൽ ആശങ്ക

ലണ്ടൻ: ഉപയോക്താക്കൾ കമാൻഡ് നൽകാതെ തന്നെ 24 മണിക്കൂറും തുടർച്ചയായി ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്മാർട്ട് ഗ്ലാസുകൾ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പരീക്ഷിക്കുന്നതായി റിപ്പോർട്ട്.
നിലവിലുള്ള സ്മാർട്ട് ഗ്ലാസുകൾ 3 മുതൽ 5 മിനിറ്റ് വരെ മാത്രം ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യ വഴി ക്യാമറ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം, ഈ ഗ്ലാസ് ധരിച്ചയാൾ തങ്ങളെ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം ചുറ്റുമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ്.
മെറ്റയുടെ നിലവിലുള്ള സ്മാർട്ട് ഗ്ലാസുകളിൽ ക്യാമറ പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്ക് തിരിച്ചറിയാനായി ചെറിയ എൽഇഡി ലൈറ്റ് പ്രകാശിക്കാറുണ്ട്. എന്നാൽ പുതിയ പതിപ്പിൽ ഈ ഇൻഡിക്കേറ്റർ ലൈറ്റ് ഒഴിവാക്കാനാണ് കമ്പനി ആലോചിക്കുന്നത്.
ഇത് ഗുരുതരമായ സ്വകാര്യതാ ലംഘനത്തിന് കാരണമാകും. ഭാവിയിൽ സ്മാർട്ട്ഫോണുകൾക്ക് പകരമായി മനുഷ്യന്റെ ദൈനംദിന സഹായിയായി എഐ ഗ്ലാസുകൾ മാറുമെന്നാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ വിലയിരുത്തൽ. നമ്മൾ കണ്ട് മറന്നുപോയ കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ഈ ഗ്ലാസുകൾ സഹായിക്കും.
ഉദാഹരണത്തിന്, നമ്മൾ കഴിഞ്ഞ ആഴ്ച കടന്നുപോയ ഒരു റെസ്റ്റോറന്റിന്റെ പേര് മറന്നുപോയാൽ, 'ഞാൻ കഴിഞ്ഞ ആഴ്ച പോയ ആ റെസ്റ്റോറന്റിന്റെ പേരെന്താണ്?' എന്ന് ഗ്ലാസിനോട് ചോദിച്ചാൽ എഐ കൃത്യമായി ഉത്തരം നൽകും.
നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാനായി ദൃശ്യങ്ങളും ഓഡിയോയും ഉപയോക്താവിന് നേരിട്ട് കാണാൻ സാധിക്കാത്ത വിധം മെറ്റാ സെർവറുകളിലേക്ക് അയച്ച് അവിടെ എഐ വഴി പ്രോസസ്സ് ചെയ്യാനാണ് കമ്പനിയുടെ തന്ത്രം.
നിലവിൽ വിപണിയിലുള്ള റേ-ബാൻ മെറ്റാ ഗ്ലാസുകളിലേക്ക് ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ ഫീച്ചർ കൊണ്ടുവരാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. സാങ്കേതികവിദ്യ മനുഷ്യന്റെ സ്വകാര്യതകളിലേക്ക് അമിതമായി കടന്നുകയറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മെറ്റയുടെ ഈ നീക്കം.











0 comments