'വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി, ഇപ്പോൾ ഫോൺ പോലും എടുക്കില്ല; കോൺഗ്രസ് നേതാക്കൾക്കെതിരെ കെഎസ്യു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസം പിന്നിടും മുമ്പ് കോൺഗ്രസിൽ പാളയത്തിൽപട രൂക്ഷമായി. സർക്കാരിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ പരസ്യവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഇപ്പോൾ രംഗത്തെത്തിയത്. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെഎസ്‍യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണെന്നും അലോഷ്യസ് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെഎസ്‍യു ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ കെഎസ്ക്കായുരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെഎസ്‍യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്. വഴിയിൽ കൂടി പോകുന്ന എസ്എഫ്ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെഎസ്‍യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.
എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും.
അലോഷ്യസ് സേവ്യർ
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്











0 comments