ശമ്പളം നൽകാതെ മാനേജ്മെന്റ്: മാധ്യമം ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ. ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്നതോടെയാണ് മാധ്യമം ജീവനക്കാർ കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ട്രേഡ് യൂനിയനുകളുടെ പിന്തുണയോടെ സമരം ആരംഭിച്ചത്.
വെള്ളിമാടുകുന്നിലെ ഹെഡ്ഡോഫീസിനു മുന്നിലാരംഭിച്ച സമരം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മാധ്യമം ജീവനക്കാരെ വഴിയാധാരമാക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ അനുവദിക്കില്ലെന്ന് - അദ്ദേഹം പറഞ്ഞു. മാധ്യമം മാനേജ്മെന്റിന്റെ പിടിവാശി അവസാനിപ്പിക്കണം. രമ്യമായ ഒത്തുതീർപ്പിന് മാനേജ്മെന്റ് സന്നദ്ധമായാൽ ജീവനക്കാരും തൊഴിലാളി സംഘടനകളും മുഖംതിരിഞ്ഞ് നിൽക്കില്ലെന്നും കരീം പറഞ്ഞു. ശന്പളം നൽകാതെ പീഡിപ്പിക്കുന്ന മാധ്യമം മാനേജ്‌മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെയും കെയുഡബ്ല്യുജെ–കെഎൻഇഎഫ് സംഘടനകളുടെയും നേതൃത്വത്തിൽ സമരമാരംഭിച്ചത്. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷനായി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി എ ടി അബ്‌ദു, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ബിജു ആന്റണി, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദ്, കെഎൻഇഎഫ് ജില്ലാ സെക്രട്ടറി സി രതീഷ് കുമാർ, പ്രശാന്ത് പുത്തലത്ത്, എം വി ഫിറോസ്, ടി എം അബ്ദുൾ ഹമീദ്, ജിനേഷ് പൂനത്ത് എന്നിവർ സംസാരിച്ചു. കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ സ്വാഗതം പറഞ്ഞു.









0 comments