ad
Deshabhimani

ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന കേസ്: നടൻ പ്രകാശ് രാജിന് ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി

Prakash Raj.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 05:56 PM | 1 min read

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരുവിലെ 48-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ താരത്തിന് ജാമ്യം അനുവദിച്ചത്.


കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് റദ്ദാക്കിക്കൊണ്ടാണ് നടപടി. കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.


ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി വോട്ടർ കാർഡുകളുണ്ടെന്നും വേളാച്ചേരിയിൽ മാത്രം രണ്ട് വോട്ടുകളുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.


കേസിൽ കോടതി നേരത്തെ മൂന്ന് തവണ സമൻസ് അയച്ചിട്ടും താരം ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ തനിക്ക് സമൻസുകളൊന്നും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.


തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായ താരം ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. വാദങ്ങൾ അംഗീകരിച്ച കോടതി 4,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേൽ ജാമ്യം അനുവദിക്കുകയും വാറന്റ് പിൻവലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രാജ്യത്ത് ഒരാൾക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടവകാശം പാടുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home