വിമാനം പറന്നുയർന്നതിന് പിന്നാലെ ജനൽപ്പാളി തകർന്നു; യാത്രക്കാരൻ പകുതിയോളം പുറത്തേക്ക്, രക്ഷിച്ച് സഹയാത്രികൻ

വിമാനത്തിലെ പൊട്ടിവീണ ജനാല
ഏഥൻസ്: ഗ്രീസിൽ നിന്നും ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയൻഎയർ (Ryanair) വിമാനത്തിന്റെ ജനൽപ്പാളി മധ്യആകാശത്തുവെച്ച് തകർന്നുപോയതിനെ തുടർന്ന് ഒരു യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുപോകുമായിരുന്ന അവസ്ഥയുണ്ടായി.
പകുതിയോളം വിമാനത്തിന് പുറത്തേക്ക് പോയ ഇയാളെ സഹയാത്രക്കാർ ചേർന്നാണ് ജീവൻ പണയപ്പെടുത്തി ഉള്ളിലേക്ക് വലിച്ചിട്ടത്. ഗ്രീസിലെ തെസ്സലോനികിയിൽ നിന്നും ജർമ്മനിയിലെ മെമ്മിംഗവനിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സെർബിയയിൽ നിന്നുള്ള വിനോദസഞ്ചാരിയായ അറുപത്തിയൊന്നുകാരനാണ് അപകടത്തിൽപ്പെട്ടത്. വിമാനം നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം. എഞ്ചിനിൽ നിന്ന് അടർന്നുപോയ അവശിഷ്ടങ്ങൾ വന്നിടിച്ചാണ് വിമാനത്തിന്റെ ജനൽപ്പാളി തകർന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനം പറന്നുയർന്ന് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലേക്ക് വീണ സമയത്ത് ടയർ പൊട്ടിത്തെറിക്കുന്നതുപോലെയുള്ള വലിയൊരു ശബ്ദം കേട്ടാണ് ഉണർന്നത്. തൊട്ടുപിന്നാലെ വിമാനത്തിനുള്ളിലെ വായുമർദ്ദം അതിവേഗം കുറയുകയും ഓക്സിജൻ മാസ്കുകൾ താഴേക്ക് പതിക്കുകയും ചെയ്തു. കനത്ത പുകമണവും മുറിക്കുള്ളിൽ പടർന്നു.
ഈ സമയത്താണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന യാത്രക്കാരന്റെ തലയും തോളും ജനലിലൂടെ പുറത്തേക്ക് തെറിച്ചതായി കണ്ടത്. ഇയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും ഭാര്യ കാലുകളിൽ മുറുകെ പിടിച്ചതിനാലും പൂർണ്ണമായി പുറത്തേക്ക് പോയില്ല.
ഉടൻ തന്നെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന യാത്രക്കാർ ഓടിയെത്തി ഇയാളെ വിമാനത്തിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. ജനലിൽ ഉരഞ്ഞ് കടുത്ത പൊള്ളലേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തെ തുടർന്ന് ബോയിങ് 737-800 വിമാനം തെസ്സലോനികി വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റിയതായും മറ്റൊരു വിമാനം ഏർപ്പെടുത്തി ഇവരെ ജർമ്മനിയിലേക്ക് അയച്ചതായും റയൻഎയർ അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.











0 comments