‘തളിരോമലേ ചെറുതൂവലേ’: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്

തുടക്കം സിനിമയുടെ പോസ്റ്റർ |Photo:Social Media
തിരുവനന്തപുരം : എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ട് മോഹൻലാൽ. കെഎസ് ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് റിലീസ് ചെയ്തത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെഎസ് ചിത്രയുടെ ആലാപന മാന്ത്രികത തന്നെയാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം.
വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്. മനോഹരമായി ദൃശ്യവൽക്കരിച്ച ഈ പാട്ട് ‘തുടക്കം’ ഒരു മികച്ച
കുടുംബചിത്രമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.
'2018' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മുപ്പത്തിയേഴാമത് ചിത്രമാണിത്. പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും വെള്ളിത്തിരയിലേക്ക് എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കാണുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിസ്മയയുടെ 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധനേടിയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ബറോസി'ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു










0 comments