ad
Deshabhimani

രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പെണ്‍കുട്ടി മരിച്ചിട്ടില്ല, വിവരങ്ങള്‍ പങ്കുവെച്ചാൽ നടപടിയെന്ന് പൊലീസ്

13 yo girl rajasthan
വെബ് ഡെസ്ക്

Published on Jul 10, 2026, 06:50 PM | 2 min read

ജയ്സാൽമർ: ശ്രീഗംഗാനഗറിലെ 13കാരിയുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും അഭ്യൂഹങ്ങളും തള്ളി പൊലീസ്. പെൺകുട്ടി മരിച്ചെന്ന തരത്തിലുള്ള പ്രചാരണം പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ശ്രീഗംഗാനഗർ പൊലീസ് വ്യക്തമാക്കി.


ബുധനാഴ്ച രാവിലെയോടെ പെൺകുട്ടി മരിച്ചെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സ്ഥിരീകരിക്കാത്തതോ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വീഡിയോകൾ സംഭവവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കരുതെന്ന് ശ്രീഗംഗാനഗർ എസ്പി ഹരി ശങ്കർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.


കേസിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് വൈറൽ ഉള്ളടക്കങ്ങളെ പൊലീസ് ഗൗരവമായി കാണുന്നുണ്ടെന്നും വ്യാജപ്രചാരണത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.


അഡീഷണൽ എസ്പി ദീപക് കുമാറും വീഡിയോ സന്ദേശത്തിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി. കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളും പ്രതികളെ പൊലീസ് മർദിക്കുന്നതായി പറയുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പങ്കുവെച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾക്ക് ശ്രീഗംഗാനഗർ കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതും തെറ്റായ ഉള്ളടക്കം പങ്കുവെക്കുന്നതും നിയമനടപടിക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അന്വേഷണത്തെ ബാധിക്കുകയോ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.


പൊലീസ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും സന്ദേശങ്ങളും പങ്കുവെക്കരുതെന്നും അധികൃതർ വ്യക്തമാക്കി.


ശ്രീഗംഗാനഗറിൽ 13കാരിയെ ഹോട്ടലുകളിൽ എത്തിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ റിക്ഷാ ഡ്രൈവർ ഹോട്ടൽ നടത്തിപ്പുകാർക്ക് കൈമാറുകയായിരുന്നു. ഹോട്ടൽ ഉടമകളും മാനേജർമാരും ഉൾപ്പെടെ നിരവധി പേർ കേസിൽ പ്രതികളാണ്. 5 ദിവസങ്ങളിലായി 32 പേര്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


ജൂൺ 18ന് പെൺകുട്ടിയെ കാണാതായതായി അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ ജോയ് ഇന്നിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വനിതാ പൊലീസിന്റെ കൗൺസലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുവന്നത്.


സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക തെളിവുകൾ, സ്ഥലപരിശോധന, പെൺകുട്ടിയുടെ തിരിച്ചറിയൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.


കേസിൽ 14 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന മൂന്ന് ഹോട്ടലുകൾ ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് ജൂലൈ ഒന്നിന് പൊളിച്ചുനീക്കിയിരുന്നു. ജോയ് ഇൻ, സഫയർ ഇൻ ഉൾപ്പെടെയുള്ള ഹോട്ടലുകളാണ് ജെസിബിയും ഹൈഡ്രോളിക് മെഷീനുകളും ഉപയോഗിച്ച് പൊളിച്ചത്.


സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ശ്രീഗംഗാനഗർ ജില്ലാ മജിസ്ട്രേറ്റിനോടും എസ്പിയോടും 15 ദിവസത്തിനകം വിശദമായ ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു.

ശ്രീഗംഗാനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പരിശോധിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ സീൽ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും പൊലീസ്–ഭരണകൂട സംയുക്ത നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home