ad
Deshabhimani

കാപ്പ കേസ് പ്രതി സുഗതൻ ഹൈക്കോടതിയിൽ

Vazhottukonam councilor Sugathan arrest
വെബ് ഡെസ്ക്

Published on Jul 10, 2026, 06:45 PM | 1 min read

കൊച്ചി: കാപ്പ നിയമപ്രകാരം കരുതൽതടങ്കലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ഇരുപതാം വാർഡ് കൗൺസിലർ ആർ സുഗതൻ സത്യപ്രതിജ്ഞയ്‌ക്ക്‌ സംരക്ഷണം തേടി ഹൈക്കോടതിയിൽ. 14ന്‌ നിശ്‌ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞയ്‌ക്കാണ്‌ സംരക്ഷണം തേടിയത്‌. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ഹർജി 13ന് പരിഗണിക്കാൻ മാറ്റി.


സുഗതനടക്കമുള്ള ബിജെപി ക‍ൗൺസിലർമാരുടെ നിയമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ നേരത്തേ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാലാഴ്‌ചയ്‌ക്കുള്ളിൽ നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനും നിർദേശിച്ചിരുന്നു. എന്നാൽ, വധശ്രമം അടക്കമുള്ള കേസുകളിൽ കാപ്പ പ്രതിയായി കരുതൽ തടങ്കലിലായതിനാൽ സുഗതന്‌ സത്യപ്രതിജ്ഞയ്‌ക്ക്‌ സാധിച്ചിരുന്നില്ല. പിന്നീട്‌ സത്യപ്രതിജ്ഞയ്‌ക്കായി അപേക്ഷപ്രകാരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി ഒരുദിവസത്തേക്കുമാത്രമായി ജാമ്യം അനുവദിക്കുകയായിരുന്നു.


നാല്‌ വധശ്രമം ഉൾപ്പെടെ 19 കേസാണ്‌ കൊടുംക്രിമിനലായ സുഗതന്റെ പേരിലുള്ളത്‌. കലാപശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ്‌ സുഗതനെതിരെ സിറ്റി കമീഷണറുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ കാപ്പ ചുമത്തിയത്‌. വട്ടിയൂർക്കാവ്‌, നെടുമങ്ങാട്‌ സ്റ്റേഷനുകളിലായി വധശ്രമമടക്കം 19 കേസിൽ പ്രതിയാണിയാൾ. കാപ്പ ചുമത്തിയിട്ടും സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതിയെ വീടുവളഞ്ഞ്‌ ആകാശത്തേക്ക്‌ വെടിയുതിർത്ത്‌ സാഹസികമായാണ്‌ വട്ടിയൂർകാവ്‌ എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിൽ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home