ad
Deshabhimani

മമ്മൂട്ടി ചിത്രത്തിന് ലോഹിതദാസ് നിർദ്ദേശിച്ച പേരായിരുന്നു 'കിരീടം', പിന്നീടത് മോഹൻലാലിലേക്ക് എത്തി; സിബി മലയിൽ

kireedam

കിരീടം സിനിമയുടെ റീ റിലീസ് പോസ്റ്റർ |Photo;Social Media

വെബ് ഡെസ്ക്

Published on Jul 10, 2026, 06:38 PM | 1 min read

തിരുവനന്തപുരം : മലയാള സിനിമാപ്രേമികളുടെ മനസിൽ സേതുമാധവൻ ഏൽപ്പിച്ച വിങ്ങലും ശൂന്യതയും മൂന്ന് പതിറ്റാണ്ടിപ്പുറവും മായാതെ നിൽക്കുന്നുണ്ട്. റിലീസ് ചെയ്ത് 37 വർഷങ്ങൾക്ക് ശേഷം, മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം 'കിരീടം' പുത്തൻ സാങ്കേതികവിദ്യയോടെ വീണ്ടും ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ഈ മാസ്റ്റർപീസ് റീ-റിലീസ് ചെയ്യുന്ന വേളയിൽ, ചിത്രത്തിന്റെ പേരിന് പിന്നിലെ രസകരമായ ചരിത്രം പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ. കിരീടം എന്ന പേര് യഥാർഥത്തിൽ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി മാറ്റിവെച്ചിരുന്നതാണെന്നാണ് സിബി മലയിൽ പറയുന്നത്.


കിരീടത്തിന്റെ കഥാതന്തു മനസ്സിൽ കൊണ്ടുനടക്കുന്ന സമയത്ത് ഈ സിനിമയിൽ നായകൻ മോഹൻലാൽ ആകുമെന്നുപോലും നിശ്ചയിച്ചിരുന്നില്ലെന്ന് സിബി മലയിൽ കൂട്ടിച്ചേർത്തു. ലോഹിതദാസ് അക്കാലത്ത് മറ്റ് സംവിധായകർക്ക് വേണ്ടിയും തിരക്കഥകൾ എഴുതുന്നുണ്ടായിരുന്നു. ഐവി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ 'മുക്തി' എന്ന സിനിമയുടെ ചർച്ചകൾ മദ്രാസിൽ പുരോഗമിക്കുന്ന സമയം. ഒരു കളക്ടറുടെ ജീവിതവും അദ്ദേഹത്തിന്റെ സങ്കടങ്ങളുമായിരുന്നു ആ ചിത്രത്തിന്റെ പ്രമേയം. കഥ കേട്ടപ്പോൾ കിരീടം എന്ന പേരാണ് ലോഹിതദാസ് നിർദ്ദേശിച്ചത്.


എന്നാൽ സംവിധായകൻ ഐവി ശശിക്ക് കിരീടം എന്ന പേര് ഇഷ്ടപ്പെട്ടില്ല. ഈ പേര് വേണ്ടെന്നും പകരം മറ്റൊന്ന് നോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലോഹിതദാസ് ഈ വിവരം പങ്കുവെച്ചപ്പോൾ തന്നെ, ഈ പേര് നമുക്കുള്ളതാണെന്നും നമ്മുടെ മനസിലുള്ള കഥയ്ക്ക് ഇത് കൃത്യമായി ചേരുമെന്നും താൻ ലോഹിയോട് പറഞ്ഞതായി സിബി മലയിൽ പറയുന്നു.


ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ചെങ്കോലി'ന്റെ സമയത്തും ഈ ആലോചനകൾ ഉണ്ടായിരുന്നു. കണ്ണീർപൂവ് ഉൾപ്പെടെയുള്ള പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ ലോഹിതദാസ് തന്നെയാണ് ചെങ്കോൽ എന്ന പേര് നിശ്ചയിച്ചത്. കിരീടവും ചെങ്കോലും തമ്മിലുള്ള ബന്ധം മുന്നിൽ കണ്ടായിരുന്നു ഈ തീരുമാനം. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ എന്നാണ് ആ സിനിമയുടെ എൻഡ് ടൈറ്റിലിൽ പോലും വെച്ചിരുന്നതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home