പാകിസ്ഥാനിൽ കാണാതായ ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു

അറബിക്കടലിൽ തകർന്നു വീണ പാക് കാർഗോ വിമാനത്തിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തുന്നു. video screenshot via WION
കറാച്ചി : യാത്രയ്ക്കിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി അറബിക്കടലിൽ തകർന്നു വീണ പാക് കാർഗോ വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്. ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കറാച്ചി ആസ്ഥാനമായുള്ള സ്വകാര്യ വിമാനക്കമ്പനിയായ കെ2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ വിമാനം ആണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കലിനിടെ പെട്ടെന്ന് താഴേക്ക് ഇറങ്ങി ദിശ മാറിയ വിമാനം പിന്നീട് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം അറബിക്കടലിൽ തകർന്നുവീണെന്ന് പിന്നീട് പാകിസ്ഥാൻ സ്ഥിരീകരിച്ചു.
കടലിൽ തകർന്നുവീണ ചരക്ക് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച കണ്ടെടുത്തു. ബലൂചിസ്ഥാൻ തീരത്ത് ഒർമാരയിൽ നിന്ന് 53 നോട്ടിക്കൽ മൈൽ തെക്കാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. എന്നാൽ അഞ്ച് ജീവനക്കാരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 27 വർഷം പഴക്കമുള്ള വിമാനമാണിത്.
പാകിസ്ഥാൻ നാവികസേനയും (പിഎൻ) പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും (പിഎംഎസ്എ) നടത്തുന്ന തിരച്ചിൽ തുടരുകയാണെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) പ്രസ്താവനയിൽ പറഞ്ഞു. വ്യോമ മാർഗവും തെരച്ചിൽ നടത്തുന്നുണ്ട്. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ഇദ്രിസ്, ഫസ്റ്റ് ഓഫീസർ ഫൈസൽ ജതോയ്, ഫ്ലൈറ്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹമീദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, എയർക്രാഫ്റ്റ് ലോഡർ മുഹമ്മദ് തൗഫിഖ് ഖാൻ എന്നിവരെയാണ് കാണാതായത്.











0 comments